മ്യാൻമർ അതിർത്തിയ്ക്ക് ഉടൻ പൂട്ടുവീഴും: തയ്യാറെടുത്ത് കേന്ദ്രം, മുന്നറിയിപ്പുമായി അമിത് ഷാം

മ്യാൻമറുമായുള്ള സുരക്ഷാ ആശങ്കകൾ ഇന്ത്യ ഉന്നയിച്ച് ഒരു മാസത്തിന് ശേഷമാണ് അമിത് ഷായുടെ പരാമർശം. മിസോറാം, മണിപ്പൂർ, നാഗാലാൻഡ്, അരുണാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന 1,643 കിലോമീറ്റർ ദൈർഘ്യമുള്ള അതിർത്തിയാണ് ഇന്ത്യ മ്യാൻമറുമായി പങ്കിടുന്നത്.

0
166

ഗുവാഹത്തി: രാജ്യത്തേക്കുള്ള അനധികൃത കുടിയേറ്റം നിയന്ത്രിക്കുന്നതിന്റെ ഭാ​ഗമായി ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ കേന്ദ്രം ഉടൻ മതിൽ കെട്ടുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇതോടെ ഇന്ത്യ-മ്യാൻമർ അതിർത്തിയോട് ചേർന്ന് താമസിക്കുന്ന ആളുകൾക്ക് വിസയില്ലാതെ 16 കിലോമീറ്റർ പരസ്‌പരം അതിർത്തിയിലേക്ക് കടക്കാൻ അനുവദിക്കുന്ന ഫ്രീ മൂവ്‌മെന്റ് റെജിം (എഫ്‌എംആർ) ഉടൻ അവസാനിക്കും.

ഗുവാഹത്തിയിൽ അസം പോലീസ് കമാൻഡോകളുടെ പാസിംഗ് ഔട്ട് പരേഡിൽ സംസാരിക്കവെയാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്. മ്യാൻമറുമായുള്ള ഇന്ത്യയുടെ അതിർത്തി ഉടൻ തന്നെ ബംഗ്ലാദേശുമായുള്ള അതിർത്തി പോലെ സംരക്ഷിക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

മ്യാൻമറുമായുള്ള ഇന്ത്യയുടെ ഫ്രീ മൂവ്‌മെന്റ് റെജിം (എഫ്‌എംജി) കരാറും സർക്കാർ പുനഃപരിശോധിക്കുന്നുണ്ടെന്നും ഇന്ത്യയിലേക്കുള്ള സ്വതന്ത്ര സഞ്ചാരം ഉടൻ അവസാനിപ്പിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി. മിസോറാം, മണിപ്പൂർ, നാഗാലാൻഡ്, അരുണാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന 1,643 കിലോമീറ്റർ ദൈർഘ്യമുള്ള അതിർത്തിയാണ് ഇന്ത്യ മ്യാൻമറുമായി പങ്കിടുന്നത്. ഈ സംസ്ഥാനങ്ങളിലെല്ലാം നിലവിൽ എഫ്എംആർ ഉണ്ട്. മ്യാൻമറുമായുള്ള സുരക്ഷാ ആശങ്കകൾ ഇന്ത്യ ഉന്നയിച്ച് ഒരു മാസത്തിന് ശേഷമാണ് അമിത് ഷായുടെ പരാമർശം.

കോൺഗ്രസ് രണകാലത്ത് സർക്കാർ ജോലി ലഭിക്കാൻ ആളുകൾക്ക് കൈക്കൂലി നൽകേണ്ടിവന്നുവെന്നും ബിജെപി ഭരണത്തിന് കീഴിൽ ജോലിക്ക് ഒരു പൈസ പോലും നൽകേണ്ടതില്ലെന്നും പ്രസംഗത്തിൽ കോൺഗ്രസ് ഭരണത്തെ കടന്നാക്രമിച്ചുകൊണ്ട് അമിത് ഷാ പറഞ്ഞു. രാജ്യം ഒരു മഹാശക്തിയായി മാറുന്ന സമയത്താണ് ‘പ്രാണപ്രതിഷ്ഠാ’ ചടങ്ങ് നടക്കുന്നതെന്നും അയോധ്യ രാമക്ഷേത്ര ഉദ്ഘാടനത്തെക്കുറിച്ച് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.