കേന്ദ്ര അവഗണനക്കെതിരെ കൈകോർത്ത് ലക്ഷങ്ങൾ ; കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ മനുഷ്യച്ചങ്ങല തീർത്ത് ഡിവൈഎഫ്‌ഐ

കാസർഗോഡ് എഎ റഹീം മനുഷ്യച്ചങ്ങലയുടെ ആദ്യ കണ്ണിയായപ്പോൾ എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ തിരുവനന്തപുരത്ത് അവസാന കണ്ണിയായി.

0
136

‘ഇനിയും സഹിക്കണോ കേന്ദ്ര അവഗണന’ എന്ന മുദ്രവാക്യമുയർത്തി കേന്ദ്രസർക്കാരിന്റെ അവഗണനയ്ക്കെതിരെയും സംസ്ഥാനത്തോടുളള വിവേചനപരമായ നയങ്ങള്‍ക്കെതിരെയും കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ മനുഷ്യച്ചങ്ങല തീർത്ത് പ്രതിഷേധിച്ച് ഡിവൈഎഫ്ഐ. കാസർഗോഡ് റെയിൽവേ സ്റ്റേഷൻ മുതൽ തലസ്ഥാനത്ത് രാജ്ഭവൻ വരെ ലക്ഷക്കണക്കിന് ആളുകളാണ് ഡിവൈഎഫ്‌ഐയുടെ പ്രതിഷേധത്തിന്റെ ഭാഗമായത്. കാസർഗോഡ് എഎ റഹീം മനുഷ്യച്ചങ്ങലയുടെ ആദ്യ കണ്ണിയായപ്പോൾ എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ തിരുവനന്തപുരത്ത് അവസാന കണ്ണിയായി.

സ്ത്രീകളും കുട്ടികളുമടക്കം വൻ ജനാവലിയാണ് സംസ്ഥാനത്ത് ഉടനീളം മനുഷ്യച്ചങ്ങലയുടെ ഭാഗമായത്. വൈകിട്ട്‌ നാലരയ്‌ക്ക്‌ ട്രയൽച്ചങ്ങല തീർത്തശേഷം അഞ്ചിന്‌ മനുഷ്യച്ചങ്ങല തീർത്ത്‌ പ്രതിജ്ഞ എടുത്തു. തുടർന്ന്‌ പ്രധാനകേന്ദ്രങ്ങളിൽ നടന്ന പൊതുസമ്മേളനത്തിൽ നേതാക്കൾ ജനങ്ങളെ അഭിസംബോധന ചെയ്തു. സമൂഹത്തിന്റെ വ്യത്യസ്ത വിഭാഗങ്ങളിൽപെടുന്ന ആളുകൾ ചങ്ങലയുടെ ഭാഗമായി. കേന്ദ്രത്തിന്റെ അവഗണന കേരളത്തിലെ എല്ലാ ജനങ്ങളെയും ബാധിച്ചു തുടങ്ങിയിരിക്കുന്നു. കുട്ടികളുടെ ഉച്ചഭക്ഷണത്തെ ഉൾപ്പെടെ ബാധിക്കുന്നു, ഇനിയും സഹിക്കണോ കേന്ദ്രത്തിന്റെ ഈ അവഗണനയെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് പ്രതികരിച്ചു.

സാമ്പത്തിക ഉപരോധം സൃഷ്ടിച്ച് കേരളത്തിനെ ഞെക്കിക്കൊല്ലാൻ കേന്ദ്രംശ്രമിക്കുന്നുവെന്നും മനുഷ്യച്ചങ്ങല വലിയ ചരിത്രനിമിഷമായി മാറാൻ പോവുകയാണെന്നും ചിന്ത ജെറോം പറഞ്ഞു. ഇത് മലയാളികളുടെ പ്രതിഷേധമാണ്. കേരളത്തിനെതിരെ കേന്ദ്രം സാമ്പത്തിക യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്നും ഇന്ത്യൻയൂണിയന്റെ അടിമയല്ലകേരളമെന്നും എം സ്വരാജ് പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍, കേന്ദ്രകമ്മറ്റിയംഗം വിജയരാഘവന്‍,സിനിമാ താരം നിഖിലാ വിമല്‍ മുഖ്യമന്ത്രിയുടെ ഭാര്യ കമല വിജയന്‍, മകള്‍ വീണ വിജയന്‍ എന്നിവരും ചങ്ങലയുടെ ഭാഗമായി.

കവി കെ സച്ചിദാനന്ദന്‍, കരിവള്ളൂര്‍ മുരളി, പ്രിയനന്ദനന്‍. രാവുണ്ണി, അശോകന്‍ ചരുവില്‍,ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍.പി.ബാലചന്ദ്രന്‍ എംഎല്‍എ, സി.പി.നാരായണന്‍, ഗ്രാമപ്രകാശ്, സി പി അബൂബക്കര്‍,സി.എസ് ചന്ദ്രിക, കോഴിക്കോട്ട് അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ, ടി പി രാമകൃഷ്ണന്‍ എംഎല്‍എ, പി മോഹനന്‍, കാനത്തില്‍ ജമീല എംഎല്‍എ, സച്ചിന്‍ ദേവ് എംഎല്‍എ ,മേയര്‍ ബീന ഫിലിപ്പ്, എഴുത്തുകാരായ കെ ഇ എന്‍ കുഞ്ഞഹമ്മദ്, കെ പി രാമനുണ്ണി, നടന്‍ ഇര്‍ഷാദ് അലി തുടങ്ങിയവര്‍ തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ മനുഷ്യച്ചങ്ങലയുടെ ഭാഗമായി.