മലപ്പുറം: ജില്ലയിലെ ഭൂരഹിതരായ പട്ടികവർഗക്കാർക്കായുള്ള പട്ടയ വിതരണം ഈ മാസം 22-ന്. വനംവകുപ്പിൽ നിന്നും റവന്യു വകുപ്പിന് കൈമാറിയ ഭൂമിയുടെ വിതരണോദ്ഘാടനം ജനുവരി 22ന് രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും.
107.12 ഹെക്ടർ നിക്ഷിപ്ത വനഭൂമിയിൽ നിന്നും ചുങ്കത്തറ ഗ്രാമപഞ്ചായത്തിലെ നെല്ലിപ്പൊയിൽ കൊടീരി ബീറ്റിൽ 40 സെൻറ് വീതം 376 ഗുണഭോക്താക്കൾക്കും, ചാലിയാർ ഗ്രാമപഞ്ചായത്തിലെ അത്തിക്കൽ ബീറ്റിൽ 20 സെൻറ് വീതം 63 ഗുണഭോക്താക്കൾക്കും, നിലമ്പൂർ മുനിസിപ്പാലിറ്റിയിലെ തൃക്കൈക്കുത്ത് ബീറ്റിൽ 10 സെൻറ് വീതം 131 ഗുണഭോക്താക്കൾക്കും ഉൾപ്പെടെ 570 പേർക്ക് 71.28 ഹെക്ടർ ഭൂമിയാണ് ഒന്നാംഘട്ടമായി വിതരണം ചെയ്യുന്നത്.
നിലമ്പൂർ ഒ സി കെ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ റവന്യു മന്ത്രി കെ രാജൻ അധ്യക്ഷത വഹിക്കും. പട്ടികജാതി പട്ടികവർഗ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ പട്ടയ വിതരണം നിർവഹിക്കും. വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ, കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ, എം പിമാരായ രാഹുൽ ഗാന്ധി, പി വി അബ്ദുൽ വഹാബ്, എം.എൽ.എമാരായ പി വി അൻവർ, പി കെ ബഷീർ തുടങ്ങിയവർ പങ്കെടുക്കും.