ഏറ്റവും കൂടുതൽ തൊഴിൽ സൃഷ്ടിച്ചത് കേരള പി എസ് സി, മറ്റ് സംസ്ഥാനങ്ങൾ നോക്കുകുത്തിയാക്കി! കണക്ക് പുറത്തുവിട്ട് യു പി എസ് സി

ആറുമാസത്തിനിടെ കേരളത്തിൽമാത്രം 15,146 നിയമനം നടന്നെന്നും ഈ കാലയളവിൽ യു പി എസ്‍ സി വഴി നടന്നത് 2925 നിയമനം മാത്രമാണെന്നും റിപ്പോർട്ടിലുണ്ട്.

0
336

ന്യൂഡൽഹി: കേരളം ഒഴികെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെല്ലാം വിവിധ സർക്കാരുകൾ പി എസ്‍ സിയെ നോക്കുകുത്തിയാക്കിയിരിക്കുകയാണെന്ന് യൂണിയൻ പബ്ലിക് സർവീസ് കമീഷൻ (യു പി എസ്‍ സി) പുറത്തുവിട്ട 85-ാം ന്യൂസ്‍ലെറ്ററിലെ കണക്കുകൾ വ്യക്തമാക്കുന്നു.

2023 ജനുവരി മുതൽ ജൂൺ വരെ 26 സംസ്ഥാനങ്ങളിൽ പിഎസ്‍സി വഴി നടന്നത് വെറും 23,798 നിയമനങ്ങൾ മാത്രമാണെന്നാണ് യു പി എസ്‍ സി ന്യൂസ്‍ലെറ്ററിലെ കണക്കുകൾ കാണിക്കുന്നത്. എന്നാൽ, ആറുമാസത്തിനിടെ കേരളത്തിൽമാത്രം 15,146 നിയമനം നടന്നെന്നും ഈ കാലയളവിൽ യുപിഎസ്‍സി വഴി നടന്നത് 2925 നിയമനം മാത്രമാണെന്നും റിപ്പോർട്ടിലുണ്ട്.

പശ്ചിമ ബം​ഗാൾ 3605‌, രാജസ്ഥാൻ 2890, ഉത്തർപ്രദേശ് 2886, ഒഡിഷ 2592, തമിഴ്നാട് 2211, ഉത്തരാഖണ്ഡ് 1634, കർണാടക 1494, മഹാരാഷ്ട്ര 1145, ​ഗുജറാത്ത് 1120 എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളിലെ പിഎസ്‍സി നിയമന കണക്ക്. അരുണാചൽപ്രദേശിലെ കണക്ക് പുറത്തുവിട്ടിട്ടില്ല. മറ്റ് സംസ്ഥാനങ്ങളിലെല്ലാം ഈ കാലയളവിൽ നടന്ന നിയമനങ്ങൾ 1000ൽ താഴെയാണ്.

കേരള പി എസ്‍ സി പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2023 ജനുവരി മുതൽ ഡിസംബർ വരെ കേരളത്തിൽ നടന്ന പിഎസ്‍സി നിയമനങ്ങൾ 32,867 ആണെന്നതും ശ്രദ്ധേയമാണ്. മറ്റ് സംസ്ഥാനങ്ങളിൽ നാമമാത്ര നിയമനം നടക്കുമ്പോൾ കേരളത്തിലെ യാഥാർത്ഥ്യം അങ്ങനെയല്ല എന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു.