കൊച്ചി: കേരളത്തിലെ വിദ്യാർത്ഥികളിൽ ഇംഗ്ലീഷ് പരിജ്ഞാനം രാജ്യത്തു തന്നെ ഏറ്റവും മികച്ച നിലയിലെന്ന് സർവ്വേ റിപ്പോർട്ട്. ആനുവൽ സ്റ്റാറ്റസ് ഓഫ് എജുക്കേഷൻ റിപ്പോർട്ട് അഥവാ അസർ റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്. സർവ്വേയിൽ ഭൂരിഭാഗം സൂചകങ്ങളിലും ഇന്ത്യയിലെ 28 സംസ്ഥാനങ്ങളെക്കാൾ ഏറെ മുന്നിലോ മറ്റ് സംസ്ഥാനങ്ങൾക്കൊപ്പമോ ആണ് കേരളം.
അസർ സെന്റർ ആണ് വർഷാവർഷം ആനുവൽ സ്റ്റാറ്റസ് ഓഫ് എജുക്കേഷൻ റിപ്പോർട്ട് പുറത്തിറക്കുന്നത്. എൻജിഓ സംഘടനയായ പ്രഥം ആണ് അസർ സെന്ററിന്റെ മാതൃസംഘടന. 2005 മുതൽ പ്രസിദ്ധീകരിക്കപ്പെടുന്ന ആനുവൽ സ്റ്റാറ്റസ് ഓഫ് എജുക്കേഷൻ റിപ്പോർട്ട് (ASER) ഇന്ത്യയിലെ കുട്ടികളുടെ വിദ്യാഭ്യാസപരമായ പുരോഗതിയെ അളക്കുന്നു. താരതമ്യ പഠനങ്ങൾക്കും വിലയിരുത്തലുകൾക്കും പോളിസി തലത്തിൽ ഏറെ ഉപകരിക്കുന്ന ഈ റിപ്പോർട്ടുകൾ വിശ്വാസ്യതയുള്ളവയായി കണക്കാക്കപ്പെടുന്നു.
രാജ്യത്തെ 28 സംസ്ഥാനങ്ങളിൽ നിന്ന് ഓരോ ജില്ലയെ വീതമെടുത്താണ് അസർ സർവ്വേ നടത്തിയിരിക്കുന്നത്. കേരളത്തിൽ നിന്ന് എറണാകുളം ജില്ലയെ തിരഞ്ഞെടുത്തു. പതിനാലിനും പതിനാറിനും ഇടയിൽ പ്രായമുള്ള കട്ടികളിൽ രണ്ടാംക്ലാസ് പാഠപുസ്തകമെങ്കിലും വായിക്കാനുള്ള ശേഷി അളന്നപ്പോൾ കേരളം ഏറ്റവും മികവ് പുലർത്തിയ സംസ്ഥാനങ്ങൾക്കൊപ്പമെത്തി.
കേരളത്തിലെ 84.5 ശതമാനം കുട്ടികൾക്കും ഈ കഴിവുണ്ട്. അസം (56.9%,), ജാർഖണ്ഡ് (57.6%), തെലങ്കാന (42.2%) എന്നീ സംസ്ഥാനങ്ങളാണ് ഏറ്റവും പിന്നിൽ നിൽക്കുന്നത്. കേരളത്തിലെ വിദ്യാർത്ഥികൾ കണക്കിലും പിന്നിലല്ല. ഹരണക്രിയ ചെയ്യാൻ അറിയുന്ന കുട്ടികളുടെ കണക്ക് സർവ്വേ എടുത്തപ്പോൾ അതിൽ മികച്ച സംസ്ഥാനങ്ങൾക്കൊപ്പം കേരളവും എത്തി.
കേരളത്തിലെ കൗമാരപ്രായക്കാർ ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതിൽ രാജ്യത്തു തന്നെ ഏറ്റവും മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. ഇംഗ്ലീഷിൽ വാചകങ്ങൾ വായിക്കാനെങ്കിലും കഴിവുള്ള കുട്ടികളുടെ കണക്കെടുത്തപ്പോൾ കേരളത്തിലെ 94.9% കുട്ടികളും അതിൽ മികവ് കാട്ടി. ഇത് ദേശീയ ശരാശരിയേക്കാൾ വളരെ കൂടുതലാണ്. ജാർഖണ്ഡ്, മധ്യപ്രദേശ്, രാജസ്ഥാൻ, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ കുട്ടികളാണ് ഇക്കാര്യത്തിൽ ഏറ്റവും പിന്നിൽ.