കെഎസ്ആർടിസിക്ക് ഇനി ഇലക്ട്രിക് ബസുകള്‍ വാങ്ങില്ല, വമ്പൻ പരിഷ്‌കാരത്തിന് പദ്ധതി തയ്യാറാക്കി ​ഗതാ​ഗതമന്ത്രി ; ചർച്ചക്കെത്തിയ തൊഴിലാളി യൂണിയനുകൾക്ക് സംതൃപ്തിയോടെ മടക്കം

ജീവനക്കാർക്ക് ശമ്പളം കൃത്യമായി കൊടുക്കാൻ പദ്ധതി തയ്യാറാക്കുന്നുണ്ടെന്നും പദ്ധതി പ്രാവര്‍ത്തികമായാൽ മൂന്ന് മാസത്തിനകം ശമ്പള പ്രതിസന്ധി പരിഹരിക്കാൻ കഴിയുമെന്നും മന്ത്രി പറ‍ഞ്ഞു.

0
140

തിരുവനന്തപുരം: കെഎസ്ആർടിസി ഇനി ഇലക്ട്രിക് ബസുകള്‍ വാങ്ങില്ലെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ഒരു ഇലക്ട്രിക് ബസ് വാങ്ങുന്ന തുകയ്ക്ക് നാല് ഡീസൽ ബസുകൾ വാങ്ങാനാകും. ഇലക്ട്രിക് ബസിന്റെ പ്രയോജനകാലം കുറവാണ്. ഇലക്ട്രിക് ബസുകൾ വിജയകരമായി ഉപയോഗിച്ചതിന് തെളിവില്ല. ഇലക്ട്രിക് ബസുകൾ വാങ്ങുന്നതിനോട് വ്യക്തിപരമായി യോജിപ്പില്ലെന്ന് തൊഴിലാളി സംഘടനാ നേതാക്കളുമായി നടത്തിയ ചർച്ചയ്ക്കുശേഷം മന്ത്രി മാദ്ധ്യമ പ്രവർത്തകരോടു പറഞ്ഞു.

ജീവനക്കാർക്ക് ശമ്പളം കൃത്യമായി കൊടുക്കാൻ പദ്ധതി തയ്യാറാക്കുന്നുണ്ടെന്നും പദ്ധതി പ്രാവര്‍ത്തികമായാൽ മൂന്ന് മാസത്തിനകം ശമ്പള പ്രതിസന്ധി പരിഹരിക്കാൻ കഴിയുമെന്നും മന്ത്രി പറ‍ഞ്ഞു. മന്ത്രിയുമായി ചർച്ചക്കെത്തിയ തൊഴിലാളി യൂണിയനുകളും പരിഷ്കാരങ്ങളെ പിന്തുണച്ചു. കെഎസ്ആർടിസിയെ രക്ഷിക്കാൻ ചിലവ് കുറക്കുകയല്ലാതെ മറ്റ് വഴികളില്ലെന്ന് വ്യക്തമാക്കിയാണ് മന്ത്രി പരിഷ്കാരങ്ങള്‍ പ്രഖ്യാപിച്ചത്. മന്ത്രിയുമായുള്ള ദീർഘനേരം നടത്തിയ ചർച്ചയിൽ തൊഴിലാളി സംഘടനകളും സംതൃപ്തി രേഖപ്പെടുത്തി.

തിരുവനന്തപുരം ജില്ലയിൽ നഷ്ടത്തിൽ ഓടുന്ന റൂട്ടുകൾ കണ്ടെത്തി സമയം പുനക്രമീകരിക്കും. പിന്നാലെ മറ്റു ജില്ലകളിലും ചെയ്യും. ‘where is my ksrtc’ആപ്പ് മൂന്ന്മാസത്തിനുള്ളിൽ നടപ്പിലാക്കും. ആംബുലൻസുകൾക്ക് താരിഫ് ഏർപ്പെടുത്തും. മൃതദേഹവുമായി പോകുമ്പോൾ സൈറൺ ഇടാൻ പാടില്ല. ആംബുലൻസുകൾ പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.