എസ്എഫ്ഐ നേതാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം; വിദ്യാർത്ഥിനി അടക്കം 15 പേർക്കെതിരെ പൊലീസ് കേസ്, കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു

വധശ്രമം അടക്കം ഒൻപതുവകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്

0
168

കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് നാസർ അബ്ദുൾ റഹ്മാനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരു വിദ്യാർത്ഥിനി അടക്കം പതിനഞ്ചുപേർക്കെതിരെ പൊലീസ് കേസെടുത്തു. വധശ്രമം അടക്കം ഒൻപതുവകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കെഎസ്‌യു – ഫ്രട്ടേണിറ്റി പ്രവർത്തകരാണ് പ്രതികൾ.

സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മൂന്നാം വർഷ ഇംഗ്ലീഷ് വിദ്യാർത്ഥി അബ്ദുൾ മാലിക് ആണ് ഒന്നാം പ്രതി. ഭിന്നശേഷിക്കാരനായ അദ്ധ്യാപകനെ ആക്രമിച്ച ഫ്രട്ടേണിറ്റി പ്രവർത്തകർക്കെതിരെ പ്രതിഷേധിച്ചതിലുള്ള വിരോധമാണ് ആക്രമണത്തിന് പിന്നിലെന്നാണ് എഫ്ഐആറിലുള്ളത്. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചിടാൻ തീരുമാനിച്ചു.

ഇന്ന് പുലർച്ചെയോടെയാണ് ആക്രമണം നടന്നത്. എംജി സർവകലാശാല നാടകോത്സവത്തിന്റെ ഭാഗമായി ക്യാംപസിനകത്ത് നാടകപരിശീലനം നടക്കുന്നുണ്ടായിരുന്നു. സംഘാടകച്ചുമതലയുടെ ഭാഗമായി നാസറും ചില എസ്എഫ്‌ഐ പ്രവര്‍ത്തകരും ക്യാംപസിലുണ്ടായിരുന്നു. ഇവിടെയെത്തിയാണ് നാസറിനെയും ഒപ്പമുണ്ടായിരുന്നവരെയും ആക്രമിച്ചതെന്നാണ് എസ്എഫ്ഐ പ്രവർത്തകർ പറയുന്നത്.

നാസറിന് വയറ്റിലും കൈകകാലുകൾക്കും കുത്തേറ്റു. കത്തി, ബിയര്‍ കുപ്പി, വടി എന്നിവ ഉപയോഗിച്ചായിരുന്നു ആക്രമണമെന്നാണ് റിപ്പോർട്ട്. യൂണിറ്റ് കമ്മിറ്റി അംഗം അശ്വതിക്കും പരിക്കേറ്റു..