അമ്മയുടെ പങ്കാളി 14 വയസുകാരിയെ ബലാത്സംഗം ചെയ്തെന്ന് പരാതി; 29കാരന്‍ അറസ്റ്റിൽ

അമ്മ ആശുപത്രിയിൽ പോയിരുന്ന സമയത്ത് മൂന്ന് കുട്ടികള്‍ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഈ സാഹചര്യം ദുരുപയോഗം ചെയ്ത അങ്കിത്, പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.

0
241

ന്യൂഡല്‍ഹി: അമ്മയുടെ ലിവിങ് ടുഗെതര്‍ പങ്കാളി 14 വയസുകാരിയെ ബലാത്സംഗം ചെയ്തെന്ന് പരാതി. നോര്‍ത്ത് ഡല്‍ഹിയിലെ ബുറാരി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. 29 വയസുകാരനായ പ്രതിക്കെതിരെ ബലാത്സംഗം, പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തതായും പൊലീസ് അറിയിച്ചു.

ഗാസിയാബാദിലെ ലോനി സ്വദേശിയായ അങ്കിത് യാദവ് എന്നയാളാണ് അറസ്റ്റിലായത്. കുട്ടിയുടെ അമ്മ തന്നെയാണ് പൊലീസിൽ പരാതി നല്‍കിയത്. ആദ്യ വിവാഹത്തിൽ മൂന്ന് മക്കളുള്ള അവര്‍ എട്ട് വര്‍ഷം മുമ്പ് ഭര്‍ത്താവുമായി പിരിയുകയും പിന്നീട് അങ്കിത് യാദവുമായി ലിവിങ് ടുഗെതര്‍ ബന്ധത്തിലായിരുന്നതായും റിപ്പോര്‍ട്ട് പറയുന്നു. അറസ്റ്റിലായ അങ്കിത് ബസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.

ജൂലൈ 23നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അമ്മ ആശുപത്രിയിൽ പോയിരുന്ന സമയത്ത് മൂന്ന് കുട്ടികള്‍ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഈ സാഹചര്യം ദുരുപയോഗം ചെയ്ത അങ്കിത്, പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. കുട്ടിയെ ഭീഷണിപ്പെടുത്തിയതായും നേരത്തെയും പ്രതി ഇതുപോലെ ചെയ്തിട്ടുണ്ടെന്നും കേസ് അന്വേഷിച്ച മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കുട്ടിയുടെ അമ്മ തന്നെ വിവരം പൊലീസിൽ അറിയിച്ചു. പരാതി ലഭിച്ച ഉടനെ തന്നെ നടപടി എടുത്തതായും പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തതായും പൊലീസ് പറഞ്ഞു. കുട്ടിയുടെ ആരോഗ്യ പരിശോധന പൂര്‍ത്തിയാക്കിയിട്ടുണ്ട്. കുട്ടിയുടെ മൊഴിയും രേഖപ്പെടുത്തി.