പാർസൽ ഭക്ഷണം: ലേബൽ പതിക്കണമെന്ന നിയമം കർശനമാക്കി ഭക്ഷ്യ സുരക്ഷാ വകുപ്പ്

ലേബലിൽ ഭക്ഷണം തയ്യാറാക്കിയ സമയം, ഉപയോഗിക്കേണ്ട സമയ പരിധി എന്നിവ കൃത്യമായി രേഖപ്പെടുത്തണം.

0
168

തിരുവനന്തപുരം: ഭക്ഷണം തയ്യാറാക്കിയ സമയം ഉൾപ്പെടെ പ്രദർശിപ്പിക്കുന്ന ലേബലുകൾ പാർസൽ ഭക്ഷണ കവറിന് പുറത്ത് നിർബന്ധമായും പതിക്കണമെന്ന് സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണർ നിർദേശം പുറപ്പെടുവിച്ചു. ലേബലിൽ ഭക്ഷണം തയ്യാറാക്കിയ സമയം, ഉപയോഗിക്കേണ്ട സമയ പരിധി എന്നിവ കൃത്യമായി രേഖപ്പെടുത്തണം. കടകളിൽ നിന്നും വിൽപ്പന നടത്തുന്ന പാകം ചെയ്ത പാർസൽ ഭക്ഷണത്തിന് ലേബൽ പതിക്കണമെന്ന നിയമം ഉണ്ടെങ്കിലും കടയുടമകൾ പാലിക്കുന്നില്ല. ഇത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് നിയമം കർശനമായി നടപ്പിലാക്കുവാൻ കമ്മീഷണർ ജാഫർ മാലിക് നിർദ്ദേശം നൽകിയത്.

പാർസൽ ഭക്ഷണം ഉപയോഗിക്കേണ്ട സയമപരിധി കഴിഞ്ഞ് കഴിക്കുന്നതുമൂലം ഭക്ഷ്യ വിഷബാധ വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമപ്രകാരം പാകം ചെയ്ത ഭക്ഷണം രണ്ട് മണിക്കൂറിനുള്ളിൽ ഉപയോഗിക്കണം എന്നാണ്. നിലവിൽ പായ്ക്കറ്റുകളിൽ വിൽപ്പന നടത്തുന്ന ഭക്ഷണത്തിൽ ലേബൽ നിർബന്ധമാണ്. എന്നാൽ കടകളിൽ നിന്നും വാങ്ങുന്ന പാർസലുകളിൽ ഭക്ഷണം തയ്യാറാക്കിയ സമയത്തെ സംബന്ധിച്ചോ ഉപയോഗിക്കേണ്ട സയമ പരിധിയെക്കുറിച്ചോ ഉപഭോക്താക്കൾക്ക് ധാരണയില്ല.

പലരും പാർസൽ ഭക്ഷണം വാങ്ങി സ്വന്തം സൗകര്യത്തിനനുസരിച്ച് കഴിക്കുന്നതവരാണ്. എന്നാൽ ഓരോ ഭക്ഷണവും തയ്യാറാക്കിയ സമയം മുതൽ നിശ്ചിത സമയത്തിനുള്ളിൽ തന്നെ ഉപയോഗിക്കേണ്ടതാണ്. ഷവർമ പോലുള്ള ഭക്ഷണം സമയപരിധി കഴിഞ്ഞ് ഉപയോഗിക്കുന്നത് കൂടുതൽ അപകടം വരുത്തും.

കടകളിൽ നിന്നും പാർസലായി വിൽപ്പന നടത്തുന്ന ഊണ്, സ്നാക്ക്സ്, മറ്റ് ഭക്ഷണങ്ങൾ എന്നിവയ്ക്കെല്ലാം നിയമം ബാധകമാണ്. ഓൺലൈൻ വഴി വിപണനം നടത്തുന്ന ഭക്ഷണ പായ്ക്കറ്റുകളിലും ലേബൽ പതിക്കണം. ലേബൽ പതിക്കാതെ പാർസൽ ഭക്ഷണം വിൽപ്പന നടത്തുന്നത് നിലവിൽ നിരോധിച്ചിട്ടുണ്ട്. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കമ്മീഷണർ അറിയിച്ചു.