ബിൽക്കിസ് ബാനോ കേസ്; കീഴടങ്ങാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് പ്രതികൾ സുപ്രീം കോടതിയിൽ

ജനുവരി എട്ടിനാണ് ബിൽക്കിസ് ബാനു കൂട്ടബലാത്സംഗ കേസിലെ 11 പ്രതികളുടെയും ശിക്ഷായിളവ് സുപ്രീം കോടതി റദ്ദാക്കിയത്. ഇതോടെ 11 പ്രതികളും വീണ്ടും ജയിലിലേക്ക് പോകണമെന്നായിരുന്നു കോടതിയുടെ നിർദ്ദേശം.

0
224

ന്യൂഡൽഹി: ബിൽക്കിസ് ബാനോ കേസിൽ കീഴടങ്ങാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് മൂന്ന് പ്രതികൾ സുപ്രീം കോടതിയിൽ. ജയിൽ അധികൃതർക്ക് മുമ്പാകെ കീഴടങ്ങാനുള്ള സമയപരിധി ആറ് മുതൽ നാല് ആഴ്ച വരെ നീട്ടണമെന്നാണ് അപേക്ഷയിൽ അഭ്യർത്ഥിച്ചിരിക്കുന്നത്. ഇവരുടെ ഹർജികൾ വെള്ളിയാഴ്ച പരിഗണിക്കാമെന്ന് സുപ്രീം കോടതി സമ്മതിച്ചു. ജനുവരി 21നകം കീഴടങ്ങണമെന്നാണ് പ്രതികളോട് നേരത്തെ ആവശ്യപ്പെട്ടിരുന്നത്.

കുറ്റവാളികളിലൊരാളായ ഗോവിന്ദ്ഭായ് തന്റെ മാതാപിതാക്കളുടെ വാർദ്ധക്യ സഹചമായ അസുഖങ്ങൾ ചൂണ്ടികാട്ടിയാണ് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. അവരെ സംരക്ഷിക്കാൻ താൻ മാത്രമാണ് ഉള്ളതെന്നും അപേക്ഷയിൽ ഗോവിന്ദ്ഭായ് പറയുന്നു. മകന്റെ വിവാഹം ചൂണ്ടികാട്ടിയാണ് മറ്റൊരു പ്രതിയായ രമേഷ് രൂപഭായ് ചന്ദന ആറാഴ്ചത്തെ സമയം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. കൃഷിയിടത്തിലെ വിളവെടുപ്പിന്റെ ചുമതല പൂർത്തിയാക്കാൻ തനിക്ക് ആറാഴ്ചത്തെ സമയം വേണമെന്ന് ആവശ്യപ്പെട്ടാണ് മൂന്നാമത്തെ കുറ്റവാളിയായ മിതേഷ് ചിമൻലാൽ ഭട്ട് കോടതിയെ സമീപിച്ചത്.

ജനുവരി എട്ടിനാണ് ബിൽക്കിസ് ബാനു കൂട്ടബലാത്സംഗ കേസിലെ 11 പ്രതികളുടെയും ശിക്ഷായിളവ് സുപ്രീം കോടതി റദ്ദാക്കിയത്. ഇതോടെ 11 പ്രതികളും വീണ്ടും ജയിലിലേക്ക് പോകണമെന്നായിരുന്നു കോടതിയുടെ നിർദ്ദേശം. പ്രതികളെ വിട്ടയയ്ക്കാനുള്ള ​ഗുജറാത്ത് സർക്കാരിന്റെ ഉത്തരവാണ് സുപ്രീം കോടതി റ​ദ്ദാക്കിയത്.

പ്രതികളെ വിട്ടയക്കാൻ ഗുജറാത്ത് സർക്കാരിന് അവകാശമില്ലെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു. ജസ്റ്റിസ് ബി വി നാഗരത്ന അധ്യക്ഷയായ സുപ്രീം കോടതി ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. വാദം കേൾക്കുന്നതിനിടെ ​ഗുജറാത്ത് സർക്കാരിനെ സുപ്രീം കോടതി അതിരൂക്ഷമായി വിമർശിച്ചു. ​ഗുജറാത്ത് സർ‍ക്കാരിന്റെ ഉത്തരവ് നിയമപരമല്ലെന്നും കോടതി പറഞ്ഞു.

കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പേരെ മോചിപ്പിക്കാനുള്ള ഗുജറാത്ത് സർക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് ബിൽക്കിസ് ബാനുവും സിപിഎം നേതാവ് സുഭാഷിണി അലിയും ടിഎംസി നേതാവ് മഹുവ മൊയ്‌ത്രയും അടക്കം സമർപ്പിച്ച ഹർജികളിലാണ് കോടതിയുടെ വിധി.