വിനോദയാത്രക്കിടെ തടാകത്തിൽ ബോട്ട് മറിഞ്ഞ് വൻദുരന്തം; സ്കൂൾ വിദ്യാർത്ഥികള്‍ ഉൾപ്പെടെ 15 പേര്‍ക്ക് ദാരുണാന്ത്യം

23 വിദ്യാര്‍ത്ഥികളും നാല് അധ്യാപകരുമാണ് ബോട്ടിലുണ്ടായിരുന്നത്. വിദ്യാർത്ഥികൾ ആരും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ലെന്നാണ് ലഭ്യമാകുന്ന വിവരം.

0
219

അഹമ്മദാബാദ്: ഗുജറാത്തില്‍ വിനോദയാത്രക്കിടെ ബോട്ട് മറിഞ്ഞ് വന്‍ ദുരന്തം. അപകടത്തില്‍ സ്കൂൾ വിദ്യാർത്ഥികള്‍ ഉൾപ്പെടെ 15 പേര്‍ മരിച്ചു. വിനോദയാത്രക്കിടെ ഹരണി തടാകത്തിലാണ് അപകടമുണ്ടായത്. ബോട്ട് മറിഞ്ഞ് 13സ്കൂള്‍ വിദ്യാര്‍ത്ഥികളും രണ്ട് അധ്യാപകരുമാണ് മരിച്ചത്. അപകടത്തെതുടര്‍ന്ന് എന്‍ഡിആര്‍എഫ് സംഘം ഉള്‍പ്പെടെ സ്ഥല്തെത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ഗുജറാത്തിലെ വഡോദരയിലാണ് അപകടം നടന്നത്. 23 വിദ്യാര്‍ത്ഥികളും നാല് അധ്യാപകരുമാണ് ബോട്ടിലുണ്ടായിരുന്നത്. വിദ്യാർത്ഥികൾ ആരും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ലെന്നാണ് ലഭ്യമാകുന്ന വിവരം. തടാകത്തില്‍ മുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ഊര്‍ജിത ശ്രമങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.

അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും അടക്കമുള്ള നേതാക്കള്‍ നടുക്കം രേഖപ്പെടുത്തി. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ട് ലക്ഷം രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും നൽകും. പരിക്കേറ്റവർക്ക് അമ്പതിനായിരം രൂപ നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.