കുസാറ്റ് അപകടവുമായി ബന്ധപ്പെട്ട് തൃക്കാക്കര എസിപി ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. അപകടത്തിന് ഇടയാക്കിയത് അധികൃതരുടെ ഗുരുതരവീഴ്ചയെന്ന് റിപ്പോർട്ടിൽ പറയുന്നു. സ്റ്റേഡിയം നിർമാണത്തിലെ അപാകത ദുരന്തത്തിന്റെ ആഘാതം വർദ്ധിപ്പിച്ചു. ആയിരം പേരെ ഉൾക്കൊള്ളാൻ സാധിക്കുന്ന ഓഡിറ്റോറിയത്തിൽ നാലായിരം പേരോളം തള്ളിക്കയറിയെന്നും കൃത്യമായ പ്ലാനിങ് ഇല്ലാതെയാണ് സംഗീത നിശ നടത്തിയത് എന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു
സംഗീതനിശയ്ക്ക് ആസൂത്രണമോ മുന്നൊരുക്കുമോ ഉണ്ടായില്ലെന്നും ഹൈക്കോടതിയിൽ പൊലീസ് റിപ്പോർട്ട് നൽകി. എത്രപേർ എത്തുമെന്നു പോലും സംഘാടകർക്കറിയില്ലായിരുന്നു. കുസാറ്റിൽ നിന്നുപോലും നാലായിരം പേർ പങ്കെടുത്തു. തൃക്കാക്കര അസി. കമ്മീഷണർറാണ് ഹൈക്കോടതിയിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്. കുസാറ്റ് ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്‌യു നൽകിയ ഹർജിയിലാണ്, പോലീസ് റിപ്പോർട്ട് സമർപ്പിച്ചത്. ഹർജി ജനുവരി 18 ന് വീണ്ടും പരിഗണിക്കും.
ടെക് ഫെസ്റ്റിന്റെ ഭാഗമായി പ്രശസ്ത ഗായിക ധ്വനി ബാനുഷലിയുടെ ഗാനമേള നടന്നുകൊണ്ടിരിക്കെയാണ് അപകടം ഉണ്ടായത്. പുറത്തു നിന്നുള്ള ജനങ്ങളും ഗാനമേള കേൾക്കാൻ ക്യാംപസിലെത്തിയിരുന്നു. പിന്നാലെയാണ് വൻ ദുരന്തം നടന്നത്.