സൈബർ ആക്രമണത്തിൽ പിന്തുണച്ചില്ല, സൂരജ് സന്തോഷ് ഗായക സംഘടനയില്‍ നിന്ന് രാജിവച്ചു

അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാദിനവുമായി ബന്ധപ്പെട്ട് കെ എസ് ചിത്ര പങ്കുവച്ച വീഡിയോ വലിയ വിവാദങ്ങൾ വഴിവച്ചിരുന്നു. ചിത്രയെ വിമർശിച്ച് സൂരജും രംഗത്തെത്തിയിരുന്നു. പിന്നാലെ വലിയ തോതിൽ സൈബർ ആക്രമണങ്ങളാണ് ​സൂരജിനും നേരിടേണ്ടിവന്നത്.

0
326

കൊച്ചി: ​ഗായകൻ സൂരജ് സന്തോഷ് ഗായകരുടെ സംഘടനയായ സമത്തിൽ നിന്ന് രാജി വെച്ചു. തനിക്ക് എതിരെ നടക്കുന്ന സൈബർ ആക്രമണത്തിൽ സംഘടന പിന്തുണച്ചില്ല എന്നാണ് സൂരജിന്റെ പരാതി. അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാദിനവുമായി ബന്ധപ്പെട്ട് കെ എസ് ചിത്ര പങ്കുവച്ച വീഡിയോ വലിയ വിവാദങ്ങൾ വഴിവച്ചിരുന്നു.

ചിത്രയെ വിമർശിച്ച് സൂരജും രംഗത്തെത്തിയിരുന്നു. പിന്നാലെ വലിയ തോതിൽ സൈബർ ആക്രമണങ്ങളാണ് ​സൂരജിനും നേരിടേണ്ടിവന്നത്. തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് സൂരജ് തന്റെ അഭിപ്രായം പങ്കുവെച്ചത്.

‘ഹൈലൈറ്റ് എന്താണെന്ന് വെച്ചാൽ, സൗകര്യപൂർവം ചരിത്രം മറന്നുകൊണ്ട്, പള്ളി പൊളിച്ചാണ് അമ്പലം പണിതതെന്ന വസ്തുത സൈഡിലേക്ക്‌ മാറ്റി വച്ചിട്ട് ലോകാ സമസ്ത സുഖിനോ ഭവന്തുന്നൊക്കെ പറയുന്ന ആ നിഷ്കളങ്കതയാണ്. വിഗ്രഹങ്ങൾ ഇനി എത്ര ഉടയാൻ കിടക്കുന്നു ഓരോന്നായ്. എത്ര എത്ര കെ എസ്‌ ചിത്രമാർ തനി സ്വരൂപം കാട്ടാൻ ഇരിക്കുന്നു. കഷ്ടം, പരമ കഷ്ടം’- സൂരജ് സന്തോഷ്‌ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പറയുന്നു.

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിവസം എല്ലാവരും രാമനാമം ജപിക്കണമെന്നും വിളക്ക് തെളിയിക്കണമെന്നുമാണ് ചിത്ര വീഡിയോയിൽ പറയുന്നത്. ‘അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിനമായ ജനുവരി 22ന് എല്ലാവരും ഉച്ചയ്ക്ക് 12, 20ന് ശ്രീരാമ ജയരാമ’എന്ന് രാമമന്ത്രം ജപിച്ചു കൊണ്ടിരിക്കണം. അതുപോലെ വൈകുന്നേരം അഞ്ച് തിരിയുള്ള വിളക്ക് വീടിന്റെ നാനാ ഭാഗത്തും തെളിക്കണം. ഭഗവാന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ട എന്ന് പരിപൂർണമായി പ്രാർത്ഥിക്കുന്നു. ലോകാ സമസ്താ സുഖിനോ ഭവന്തു’ എന്നും വീഡിയോയിൽ ചിത്ര പറഞ്ഞിരുന്നു.