ലൈംഗിക പീഡന കേസ് ; മൂൻകൂർ ജാമ്യം തേടി മുൻ ഗവ. പ്ലീഡർ അഡ്വ. പി.ജി. മനു സുപ്രിംകോടതിയിൽ

മനുവിന്റെ അപ്പീലിനെതിരെ അതിജീവിത തടസഹർജി നൽകിയിട്ടുണ്ട്. തന്റെ ഭാഗം കേൾക്കാതെ തീരുമാനം എടുക്കരുതെന്ന് അതിജീവിത ഹർജിയിൽ പറയുന്നു.

0
148

ദില്ലി: നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ മുൻ സർക്കാർ പ്ലീഡർ പി ജി മനു മുന്‍കൂര്‍ ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരെയാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. അതേസമയം, മനുവിന്റെ അപ്പീലിനെതിരെ അതിജീവിത തടസഹർജി നൽകിയിട്ടുണ്ട്. തന്റെ ഭാഗം കേൾക്കാതെ തീരുമാനം എടുക്കരുതെന്ന് അതിജീവിത ഹർജിയിൽ പറയുന്നു.

പി ജി മനുവിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ജസ്റ്റിസ് ഗോപിനാഥ് നേരത്തെ തള്ളിയിരുന്നു. പെൺകുട്ടിയെ പരിശോധിച്ച ഡോക്ടറുടെ റിപ്പോർട്ട് പരിശോധിച്ച കോടതി പ്രതി ഗുരുതര കുറ്റകൃത്യമാണ് നടത്തിയതെന്ന് ചൂണ്ടിക്കാട്ടിയാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. നേരത്തെ, പിജി മനുവിനെതിരായ ബലാത്സംഗ കേസിൽ പൊലീസ് നടപടി വൈകുന്നതിനെതിരെ പരാതിക്കാരിയുടെ അമ്മ ഡിജിപിയ്ക്ക് കത്ത് അയച്ചിരുന്നു. ചോറ്റാനിക്കര പൊലീസ് അഭിഭാഷകനെ സഹായിക്കുകയാണെന്നും മരണഭയത്തോടെയാണ് തങ്ങൾ ജീവിക്കുന്നതെന്നും പരാതിയിൽ പറഞ്ഞിരുന്നു. അറസ്റ്റ് വൈകിയാൽ കേസ് അട്ടിമറിക്കപ്പെടുമെന്നും കുടുംബം ആശങ്ക അറിയിച്ചിരുന്നു.ബലാത്സംഗം, ഐടി ആക്ട് അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്.

കഴിഞ്ഞ വർഷം ഒക്ടോബറിൽ നിയമസഹായം തേടിയെത്തിയ എറണാകുളം സ്വദേശിയായ യുവതിയെ സീനിയർ ഗവൺമെന്റ് പ്ലീഡറായിരുന്ന അഡ്വക്കേറ്റ് പിജി മനു ഓഫീസിൽ വെച്ച് പീഡിപ്പിക്കുകയും സ്വകാര്യ ചിത്രങ്ങൾ പകർത്തിയെന്നുമാണ് പരാതി. പൊലീസ് കേസ് എടുത്തതിന് പിന്നാലെ പി ജി മനു ഒളിവിൽ പോയിരുന്നു. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളുകയും പത്ത് ദിവസത്തിനുള്ളിൽ കീഴടങ്ങനും നിർദേശം നൽകിയിരുന്നു. കീഴടങ്ങാനുള്ള കാലാവധി കഴിഞ്ഞതോടെയാണ് പുത്തൻകുരിശ് പൊലീസ് പി ജി മനുവിനെതിരെ ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കിയത്. കേസ് എടുത്തതിന് പിന്നാലെ പി ജി മനു ഗവൺമെന്റ് പ്ലീഡർ സ്ഥാനം രാജി വെച്ചിരുന്നു.