പ്രതിഷേധ സമരക്കേസ് ; യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തിലിന് ഉപാധികളോടെ ജാമ്യം

50,000 രൂപ കെട്ടിവയ്ക്കുക, ആറാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകുക എന്നീ ഉപാധികളോടെയാണ് ജാമ്യം.

0
153

സെക്രട്ടറിയേറ്റിലേക്കും ഡിജിപി ഓഫീസിലേക്കും നടന്ന പ്രതിഷേധ മാർച്ചുമായി ബന്ധപ്പെട്ട കേസുകളിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തിലിന് ഉപാധികളോടെ ജാമ്യം. തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. 50,000 രൂപ കെട്ടിവയ്ക്കുക, ആറാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകുക എന്നീ ഉപാധികളോടെയാണ് ജാമ്യം. അറസ്റ്റിലായി എട്ടാം ദിവസമാണ് രാഹുലിന് നാലു കേസുകളിലും ജാമ്യം ലഭിക്കുന്നത്.

സെക്രട്ടറിയേറ്റ് മാർച്ചിന്‍റെ പേരിലെടുത്ത പുതിയ രണ്ട് കേസുകളിൽ ഇന്നലെ രാഹുലിന് ജാമ്യം കിട്ടിയിരുന്നു. യൂത്ത് കോൺഗ്രസിന്‍റെ സെക്രട്ടറിയേറ്റ് മാർച്ചിലുണ്ടായ അക്രമവുമായി ബന്ധപ്പെട്ട കേസില്‍ തിരുവനന്തപുരം സെഷന്‍സ് കോടതിയും ഡിജിപി ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിലുണ്ടായ സംഘര്‍ഷത്തിന്‍റെ പേരിലുള്ള കേസില്‍ സിജിഎം കോടതിയുമാണ് രാഹുലിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ ശക്തമായി വാദിച്ചു. രാഹുൽ ആണ് അക്രമത്തിന് നേതൃത്വം നൽകിയത്.പിരിഞ്ഞു പോയ പ്രവർത്തകരെ തിരിച്ചു വിളിച്ചു.അറസ്റ്റിലായവരെ മോചിപ്പിക്കാൻ ശ്രമിച്ചു.രാഹുലിനെ കസ്റ്റഡിയിൽ വേണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു. രാഹുലിന് എതിരായ കേസ് കെട്ടിച്ചമച്ചതെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.