‘90,000 കോടിയുടെ നിക്ഷേപം വെറും അഞ്ച് വർഷത്തിൽ’; റിപ്പോർട്ട് നാടിന്റെ കുതിപ്പ് വ്യക്തമാക്കുന്നതാണെന്ന് പി രാജീവ്

2018 മുതല്‍ 2023 വരെയുള്ള കാലയളവില്‍ മാത്രം 33,815 കോടി രൂപയുടെ പദ്ധതികള്‍ പൂര്‍ത്തിയാക്കി. ഇതിലൂടെ അഞ്ച് ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കിയെന്നും എംഎസ്എംഇ എക്സ്പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സിലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നതായി മന്ത്രി അറിയിച്ചു.

0
151

തിരുവനന്തപുരം: സംസ്ഥാനം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 91,575 കോടി രൂപയുടെ നിക്ഷേപ പദ്ധതികള്‍ പുതുതായി ആകര്‍ഷിച്ചുവെന്ന റിപ്പോര്‍ട്ട് നാടിന്റെ കുതിപ്പ് വ്യക്തമാക്കുന്നതാണെന്ന് മന്ത്രി പി രാജീവ്. 2018 മുതല്‍ 2023 വരെയുള്ള കാലയളവില്‍ മാത്രം 33,815 കോടി രൂപയുടെ പദ്ധതികള്‍ പൂര്‍ത്തിയാക്കി. ഇതിലൂടെ അഞ്ച് ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കിയെന്നും എംഎസ്എംഇ എക്സ്പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സിലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നതായി മന്ത്രി അറിയിച്ചു.

പി രാജീവിന്റെ കുറിപ്പ്:
‘കേരളം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 91,575 കോടി രൂപയുടെ നിക്ഷേപ പദ്ധതികള്‍ പുതുതായി ആകര്‍ഷിച്ചുവെന്ന എം എസ് എം ഇ എക്സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സിലിന്റെ റിപ്പോര്‍ട്ട് ഈ നാടിന്റെ കുതിപ്പ് വ്യക്തമാക്കുകയാണ്. 2018 മുതല്‍ 2023 വരെയുള്ള കാലയളവില്‍ മാത്രം 33815 കോടി രൂപയുടെ പദ്ധതികള്‍ പൂര്‍ത്തിയാക്കിയതായും അഞ്ച് ലക്ഷം പേര്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴില്‍ ലഭ്യമാക്കിയെന്നും കോണ്‍ഫഡറേഷന്‍ ഓഫ് ഓര്‍ഗാനിക് ഫുഡ് പ്രൊഡ്യൂസേഴ്‌സ് ആന്റ് മാര്‍ക്കറ്റിങ്ങ് ഏജന്‍സിയുമായി ചേര്‍ന്ന് നടത്തിയ പഠനം വ്യക്തമാക്കുന്നു.’

‘കേരള നിക്ഷേപം – വളര്‍ച്ച, വികസനം – 2018 മുതല്‍ 23 വരെ’ എന്ന പേരില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് കേരളം കഴിഞ്ഞ വര്‍ഷം കൈവരിച്ച മാനുഫാക്ചറിങ്ങ് മേഖലയിലെ വളര്‍ച്ചയെ പ്രശംസിക്കുന്നുണ്ട്. 18.9% വളര്‍ച്ചയോടെ ദേശീയ ശരാശരിക്കു മുകളില്‍ കേരളം നേട്ടം കൈവരിച്ചത് ശ്രദ്ധേയമാണെന്ന് ചൂണ്ടിക്കാട്ടുന്നതിനൊപ്പം 2021-22ല്‍ കേരളത്തിലുണ്ടായ വ്യവസായ വളര്‍ച്ച നിരക്ക് 17.3% ആണെന്നും റിപ്പോര്‍ട്ട് പറയുന്നു.’

‘ഈ വളര്‍ച്ച സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ച നിരക്ക് 12% ആക്കുന്നതില്‍ മികച്ച പങ്ക് വഹിച്ചുവെന്നതും പ്രാധാന്യത്തോടെ ചൂണ്ടിക്കാണിക്കുന്നുണ്ട്. സംരംഭക വര്‍ഷം പദ്ധതിയും സ്വകാര്യമേഖലയില്‍ നിക്ഷേപങ്ങളാകര്‍ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ പരിശ്രമങ്ങളും വരും വര്‍ഷങ്ങളിലും കേരളത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്ന് പഠനം വ്യക്തമാക്കുന്നു. ഇതാണ് ഞങ്ങള്‍ കൊണ്ടുവരുന്ന മാറ്റം. ഈ നാട് വളരുകയാണ്. വ്യവസായമേഖലയിലും കുതിച്ചുകൊണ്ട് കേരളം മുന്നോട്ടുപോകുകയാണ്.’