പൂണ്ടുവിളയാടി തെരുവുനായ ; മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നരവയസുകാരൻ ഉൾപ്പെടെ നാല് പേർക്ക് കടിയേറ്റു

വീട്ട് മുറ്റത്ത് കളിച്ച് കൊണ്ടിരിക്കുകയായിരുന്ന കുട്ടികളെയാണ് തെരുവ് നായ ആക്രമിച്ചത്. മിസ്രിയയ്ക്ക് റോഡിലൂടെ നടന്ന് പോകുമ്പോൾ മൂസ്സഹാജിമുക്കിൽ വെച്ചാണ് കടിയേറ്റത്.

0
191

കാസർകോട്: പടന്നയിൽ തെരുവുനായ അക്രമത്തിൽ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നരവയസുകാരൻ ഉൾപ്പെടെ മൂന്ന് കുട്ടികൾക്ക് പരിക്കേറ്റു. കൂടാതെ റോഡിൽ കൂടെ നടന്നുപോയ ഒരാൾക്ക് നേരെയും തെരുവ് നായയുടെ അക്രമമുണ്ടായി. നാലുപേരും ആശുപത്രികളിൽ ചികിത്സ തേടി.

വടക്കെപ്പുറത്തെ സുലൈമാൻ-ഫെബീന ദമ്പതികളുടെ മകൻ ബഷീർ (ഒന്നര വയസ്), കാന്തിലോട്ട് ഓടത്തിലെ രതീഷിന്റെ മകൻ ഗാന്ധർവ് (9 വയസ്), ഷൈജു മിനി ദമ്പതികളുടെ മകൻ നിഹാൻ (6 വയസ്) എന്നീ കുട്ടികൾക്കും എ. വി മിസ്രിയ (48)ക്കുമാണ് കടിയേറ്റത്.

കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് സംഭവം നടക്കുന്നത്. വീട്ട് മുറ്റത്ത് കളിച്ച് കൊണ്ടിരിക്കുകയായിരുന്ന കുട്ടികളെയാണ് തെരുവ് നായ ആക്രമിച്ചത്. മിസ്രിയയ്ക്ക് റോഡിലൂടെ നടന്ന് പോകുമ്പോൾ മൂസ്സഹാജിമുക്കിൽ വെച്ചാണ് കടിയേറ്റത്. തലയ്ക്കു സാരമായി മുറിവേറ്റ ബഷീറിനെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലും ബാക്കിയുള്ളവരെ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.