കാസർകോട്ടെ വീട്ടിൽ പട്ടാപ്പകൽ വൻ മോഷണം; പോയത് 25 പവൻ

കൂട്ടു കുടുംബം ആയതിനാൽ സദാസമയവും ആളുകൾ ഉണ്ടാവുന്ന വീടാണിത്. ഇങ്ങനെയൊരു വീട്ടിൽ തക്കം നോക്കി ചുരുങ്ങിയ സമയത്തിനുള്ളിൽ നടന്ന കവർച്ചയ്ക്ക് പിന്നിൽ അടുത്തറിയുന്നവർ ആകുമെന്നാണ് നിഗമനം.

0
170

കാസർകോട്: കാസർകോട് പുത്തിഗെ മുഗുവിലെ വീട്ടിൽ പട്ടാപ്പകൽ വൻ കവർച്ച. വീട്ടുകാർ ക്ഷേത്രോത്സവത്തിന് പോയ സമയത്ത് 25 പവൻ സ്വർണാഭരണങ്ങളാണ് മോഷണം പോയത്. പൊലീസ് സ്ഥലത്തെത്തി പരിശോധത്തിയിട്ടുണ്ട്.

മുഗുവിലെ പ്രസാദ് റൈയുടെ വീട്ടിലാണ് പട്ടാപ്പകൽ കള്ളൻ കയറിയത്. കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 25 പവൻ സ്വർണാഭരണങ്ങൾ മോഷ്ടിച്ചു. വാതിലിന്റെ പൂട്ട് തകർത്താണ് മോഷ്ടാവ് അകത്ത്‌ കയറിയത്. തൊട്ടടുത്തുള്ള സുബ്രായ ക്ഷേത്രത്തിൽ ഉത്സവം നടക്കുന്നതിനാൽ ഉച്ചയ്ക്ക് ഒന്നരയോടെ വീടുപൂട്ടി എല്ലാവരും ക്ഷേത്രത്തിലേക്ക് പോയിരുന്നു. രണ്ട് മണിയോടെ വീട്ടുകാർ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.

പ്രസാദ് റൈയുടെ സഹോദരന്റെ ഭാര്യ സ്വാതിയുടെ സ്വർണ്ണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. ബദിയടുക്ക പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. കൂട്ടു കുടുംബം ആയതിനാൽ സദാസമയവും ആളുകൾ ഉണ്ടാവുന്ന വീടാണിത്. ഇങ്ങനെയൊരു വീട്ടിൽ തക്കം നോക്കി ചുരുങ്ങിയ സമയത്തിനുള്ളിൽ നടന്ന കവർച്ചയ്ക്ക് പിന്നിൽ അടുത്തറിയുന്നവർ ആകുമെന്നാണ് നിഗമനം.