നാടന്‍ മദ്യം കഴിച്ച് ഗുജറാത്തിൽ 2 പേർക്ക് ദാരുണാന്ത്യം, സർക്കാരിനെതിരെ രൂക്ഷ വിമർശനം

1960 മുതൽ മദ്യനിരോധനമുള്ള ഗുജറാത്തിൽ മദ്യം കഴിച്ചുള്ള മരണം വലിയ വിവാദങ്ങൾക്ക് തിരിതെളിച്ചിരിക്കയാണ്.

0
203

ഗാന്ധിനഗ‌‍ർ: നാടൻ മദ്യം കഴിച്ച് ഗുജറാത്തിൽ രണ്ട് പേ‌ർ മരിച്ചു. ഞായറാഴ്ച വൈകിട്ടാണ് സംഭവം. ഗാന്ധിനഗർ ലിഹോഡ വില്ലേജ് നിവാസികളായ വിക്രം താക്കൂർ (35), കനാജി ജാല (40) എന്നിവരാണ് മരിച്ചത്. ഇവരുടെ കൂടെയുണ്ടായിരുന്ന നാലുപേർ ആശുപത്രിയിൽ ചികിത്സയിലാണ്. വ്യാജമദ്യമല്ല മറിച്ച് അമിത മദ്യപാനമാകാം മരണകാരണമെന്ന് പൊലീസ് പറയുന്നത്. 1960 മുതൽ മദ്യനിരോധനമുള്ള ഗുജറാത്തിൽ മദ്യം കഴിച്ചുള്ള മരണം വലിയ വിവാദങ്ങൾക്ക് തിരിതെളിച്ചിരിക്കയാണ്.

സംഭവത്തിന് കാരണമായ നാടന്‍ മദ്യത്തിൽ വ്യാജ മ‍ദ്യത്തിന്റെ പ്രാധാന ഘടകമായ മീഥൈൽ ആൽക്കഹോളിന്റെ സാന്നിധ്യമില്ലെന്നാണ് ഫോറൻസിക് സയൻസ് ലാബ് വിശകലനം. ഒഴിഞ്ഞ വയറിൽ വലിയ തോതിൽ മദ്യം കഴിക്കുന്നത് മരണത്തിനുള്ള കാരണമായേക്കാമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. ഫോറൻസിക് സയൻസ് ലാബിന്റെ സമഗ്രമായ റിപ്പോ‌ർട്ട് പുറത്ത് വന്നതിനു ശേഷം മാത്രമെ മരണകാരണം വ്യക്തമാവുകയുള്ളൂ.

സംഭവത്തിൽ ദെഹ്ഗാം തഹ്‌സിലിലെ രാഖിയാൽ പോലീസ് സ്‌റ്റേഷനിൽ അപകട മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അനധികൃത മദ്യവിൽപ്പനക്കെതിരെ ശക്തമായ അന്വേഷണം നടക്കുന്നുണ്ടെന്ന് പൊലീസ് ചൂണ്ടികാട്ടി. ഗ്രാമത്തിൽ മദ്യം കഴിച്ച് ഒരാൾ മരിക്കുന്നത് ഇത് ആദ്യത്തെ സംഭവമല്ലെന്നും പൊലീസ് പറയുന്നു.

സംഭവം ഗുജറാത്തിലെ ബി ജെ പി സർക്കാരിനെതിരെ ആയുധമാക്കാനുള്ള നീക്കത്തിലാണ് പ്രതിപക്ഷ പാർട്ടികൾ. മദ്യമാഫിയയെ നിയന്ത്രിക്കുന്നതിൽ പോലീസും സർക്കാരും പരാജയപ്പെട്ടതിനാലാണ് ഇത്തരം സംഭവങ്ങൾ നടക്കുന്നതെന്ന് കോൺഗ്രസ് നേതാവ് അമിത് ചാവ്ദ ആരോപിച്ചത്. മദ്യനിരോധനമുള്ള സംസ്ഥാനമായിട്ടുപോലും മദ്യവും മയക്കുമരുന്നും സുലഭമായ ഗുജറാത്ത് ബോളിവുഡ് സിനിമയായ ഉഡ്താ പഞ്ചാബിലെ അവസ്ഥയിലേക്ക് നീങ്ങുകയാണെന്നും ചാവ്ദ പറഞ്ഞു. സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗിക പ്രസ്താവന നടത്തിയിട്ടില്ല.