ബാഗിൽ 40 കോടിയുടെ മയക്കുമരുന്ന്; തായ് യുവതി മുംബൈ വിമാനത്താവളത്തിൽ അറസ്റ്റിൽ, അമ്പരപ്പ് മാറാതെ യുവതി

ട്രോളി ബാഗിൽ നടത്തിയ പരിശോധനയിൽ വെളുത്ത പൊടി പോലുള്ള പദാർത്ഥം അടങ്ങിയ ഒന്നിലധികം പാക്കറ്റുകൾ കണ്ടെത്തി. വിശദമായ പരിശോധനയിൽ പാക്കറ്റിലുള്ളത് മയക്കുമരുന്നാണെന്ന് സ്ഥിരീകരിച്ചു.

0
211

മുംബൈ: 40 കോടി രൂപ വിലവരുന്ന മയക്കുമരുന്നുമായി മുംബൈ വിമാനത്താവളത്തിൽ 21കാരി പിടിയിൽ. ഡയറക്ടറേറ്റ് ഓഫ് റവന്യൂ (ഡിആർഐ) യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് വെള്ളിയാഴ്ച തായ്‍ലൻഡിൽ നിന്നുള്ള യുവതി അറസ്റ്റിലായത്. എത്യോപിയിലെ അഡ്ഡിസ് അബാബയിൽ നിന്ന് മുംബൈയിലേക്ക് എത്തിയ യുവതിയിൽ നിന്നാണ് മയക്കുമരുന്ന് കണ്ടെത്തിയത്.

യുവതിയിൽ നിന്ന് പിടിച്ചെടുത്ത മയക്കുമരുന്നിന് അന്താരാഷ്ട്ര വിപണിയിൽ 40 കോടിയുടെ മൂല്യം കണക്കാക്കുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റാൻസസ് (എൻ ഡി പി എസ്) നിയമപ്രകാരമാണ് യുവതിയെ അറസ്റ്റ് ചെയ്തത്. കൂടുതൽ വിവരങ്ങൾ അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് യുവതിയുടെ ട്രോളി ബാഗിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയത്. പ്രാഥമിക പരിശോധനയിൽ സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല. തുടർന്ന് ട്രോളി ബാഗിൽ നടത്തിയ പരിശോധനയിൽ വെളുത്ത പൊടി പോലുള്ള പദാർത്ഥം അടങ്ങിയ ഒന്നിലധികം പാക്കറ്റുകൾ കണ്ടെത്തി. വിശദമായ പരിശോധനയിൽ പാക്കറ്റിലുള്ളത് മയക്കുമരുന്നാണെന്ന് സ്ഥിരീകരിച്ചു.

യുവതിയുടെ പക്കൽ നിന്നും കോടികൾ വിലമതിക്കുന്ന മയക്കുമരുന്ന് പിടിച്ചെടുത്ത സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. ആർക്ക് വേണ്ടിയാണ് യുവതി മയക്കുമരുന്ന് എത്തിച്ചതെന്നതടക്കമുള്ള വിവരങ്ങൾ പുറത്തുവരാനുണ്ട്. യുവതിയുടെ പക്കൽ മയക്കുമരുന്ന് ഉണ്ടാകാമെന്ന സൂചന ലഭിച്ചിരുന്നുവെന്നും, അതിനാലാണ് പരിശോധന നടത്തിയതെന്നും പോലീസ് പറഞ്ഞു.