മാലിദ്വീപിലെ സൈനിക സാന്നിധ്യം പിൻവലിക്കാൻ തയ്യാറായി ഇന്ത്യ

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മുയിസു സർക്കാരിലെ മൂന്ന് ഉപമന്ത്രിമാർ അപകീർത്തികരമായി സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചതുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച വിവാദങ്ങൾ പൊട്ടിപ്പുറപ്പെട്ടിരുന്നു.

0
157

മേൽ: മാലിദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസുവിൻ്റെ പ്രഖ്യാപനത്തെത്തുടർന്ന് മാർച്ച് 15 നകം മാലിദ്വീപിലെ സൈനിക സാന്നിധ്യം പിൻവലിക്കാൻ തയ്യാറായി ഇന്ത്യ. ഇക്കാര്യത്തിൽ സർക്കാരിൻ്റെ നിർദ്ദേശങ്ങൾക്കായി ഇന്ത്യൻ പ്രതിരോധ സേന ഇരിക്കുകയാണെന്ന് പ്രതിരോധ വൃത്തങ്ങൾ വ്യക്തമാക്കി.

മാലിദ്വീപ് നാഷണൽ ഡിഫൻസ് ഫോഴ്‌സിൻ്റെ കണക്കുകൾ പ്രകാരം നിലവിൽ 77 ഇന്ത്യൻ സൈനികരും അതുമായി ബന്ധപ്പെട്ട വസ്തുവകകളും മാലിദ്വീപിലുണ്ട്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മുയിസു സർക്കാരിലെ മൂന്ന് ഉപമന്ത്രിമാർ അപകീർത്തികരമായി സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചതുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച വിവാദങ്ങൾ പൊട്ടിപ്പുറപ്പെട്ടിരുന്നു. വിവാദങ്ങളുമായി ബന്ധപ്പെട്ട നയതന്ത്ര തർക്കത്തിനിടയിലാണ് മാലിദ്വീപിൽ നിന്ന് ഇന്ത്യൻ സൈന്യം ഒഴിയുന്നതുമായി ബന്ധപ്പെട്ട വാർത്തകൾ പ്രചരിക്കുന്നതും.

പ്രധാനമന്ത്രി മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തെ തുടർന്നുള്ള ‘എക്‌സ്’ പോസ്റ്റിന് കീഴെ അപകീർത്തികരമായ കമൻ്റുകൾ രേഖപ്പെടുത്തിയ സംഭവത്തിലാണ് മാലിദ്വീപിലെ മന്ത്രിമാർ സസ്പെൻഡ് ചെയ്യപ്പെട്ടത്. ലക്ഷദ്വീപിന് മാലിദ്വീപിന് ബദൽ ടൂറിസ്റ്റ് കേന്ദ്രമായി അവതരിപ്പിക്കാനുള്ള ശ്രമങ്ങളാണ് പ്രധാനമന്ത്രി മോദി നടത്തുന്നതെന്ന ആരോപണമാണ് മാലിദ്വീപ് ഉയർത്തിയത്.

കഴിഞ്ഞ വർഷമാണ് മുയിസു മാലദ്വീപ് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടത്. അന്നുമുതൽ ഇന്ത്യയുമായുള്ള ബന്ധത്തിൽ മാലിദ്വീപ് അകൽച്ച കാണിച്ചു തുടങ്ങിയിരുന്നു. ചൈനയോട് ആഭിമുഖ്യം പ്രകടിപ്പിക്കുന്ന മുയിസു ഇന്ത്യൻ വിരുദ്ധ മുദ്രാവാക്യം ഉയർത്തിക്കൊണ്ടാണ് അധികാരത്തിൽ കയറിയത്. മാലദ്വീപിൻ്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി ഒരു ദശാബ്ദം മുമ്പ് ഇന്ത്യ ധ്രുവ് ഹെലികോപ്റ്ററുകളും ഡോർണിയർ വിമാനങ്ങളും നൽകിയിരുന്നു. ഇന്ത്യൻ പ്രതിരോധ സേന ഈ വിമാനങ്ങൾ പരിപാലിക്കുകയും മാലിദ്വീപ് സേനയെ അവിടെ പരിശീലിപ്പിക്കുകയും ചെയ്യുന്നുണ്ട്.

ഇന്ത്യൻ മഹാസമുദ്രത്തിലെ പ്രധാന കപ്പൽപ്പാതകൾക്ക് തൊട്ടടുത്താണ് മാലിദ്വീപ് സ്ഥിതി ചെയ്യുന്നത്. ഈ തന്ത്രപ്രധാനമായ സ്ഥലം ചൈന, ജപ്പാൻ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങൾ മുൻപേ തന്നെ കണ്ണു വച്ചിരുന്നു. ഇന്ത്യൻ മഹാസമുദ്രത്തിലെ ഏദൻ ഉൾക്കടലിലേക്ക് കടൽക്കൊള്ള വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ ഏതാനും വർഷങ്ങൾക്ക് മുമ്പ് ചൈന തങ്ങളുടെ നാവിക കപ്പലുകൾ അയക്കാൻ തുടങ്ങിയിരുന്നു. അതിനുശേഷം, ഇന്ത്യയെ സംബന്ധിച്ച് മാലിദ്വീപിൻ്റെ പ്രാധാന്യം കൂടുതൽ വർദ്ധിക്കുകയും ചെയ്തു.

വിനോദസഞ്ചാരത്തെ കൂടുതലായി ആശ്രയിച്ച് സമ്പദ്‌വ്യവസ്ഥ നിലനിറുത്തുന്ന മാലിദ്വീപിൽ ഓരോ വർഷവും ഇന്ത്യയിൽ നിന്ന് രണ്ട് ലക്ഷത്തിലധികം ആളുകൾ സന്ദർശിക്കുന്നുണ്ട്. മാലെയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ്റെ കണക്കനുസരിച്ച്, 2022-ൽ 2.41 ലക്ഷം പേരും 2023-ൽ ഏകദേശം രണ്ട് ലക്ഷം പേരും ഈ ദ്വീപ് രാഷ്ട്രം സന്ദർശിച്ചിരുന്നു.