ഓൺലൈൻ തട്ടിപ്പ്: 2023ല്‍ മലയാളികൾക്ക് നഷ്ടമായത് 201 കോടി

ടെലഗ്രാം ഗ്രൂപ്പുകളിലൂടെയുള്ള നിക്ഷേപത്തട്ടിപ്പുകൾ വ്യാപകമാണെന്ന് പൊലീസ് പറയുന്നു. ആദ്യ നിക്ഷേപത്തിന് നല്ല തുക ലാഭം കിട്ടുന്നതോടെ നിക്ഷേപകർ വലിയ തുകകൾ നിക്ഷേപിക്കുന്നു.

0
166

കഴിഞ്ഞ വർഷം ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളിൽ കുടുങ്ങി മലയാളികൾക്ക് നഷ്ടമായത് 201 കോടി രൂപയെന്ന് പൊലീസ്. ഇതിൽ ട്രേഡിങ് തട്ടിപ്പുകളിൽ മാത്രം 74 കോടി രൂപ നഷ്ടമായിട്ടുണ്ട്. 23,753 മലയാളികളാണ് ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളിൽ കുടുങ്ങിയത്. നഷ്ടപ്പെട്ട തുക ഭൂരിഭാഗവും തിരിച്ചു പിടിക്കാൻ സാധിച്ചിട്ടില്ല. മൊത്തം തുകയുടയെ 20 ശതമാനത്തോളം മാത്രമാണ് തിരിച്ചുപിടിക്കാൻ സാധിച്ചത്.

സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട 5107 ബാങ്ക് അക്കൗണ്ടുകൾ കേരള പൊലീസ് സൈബര്‍ വിഭാഗം ബ്ലോക്ക് ചെയ്തു. 3289 മൊബൈൽ നമ്പരുകളും 239 സാമൂഹ്യമാധ്യമ അക്കൗണ്ടുകളും 945 വെബ്സൈറ്റുകളും ബ്ലോക്ക് ചെയ്യാൻ പൊലീസിനായി.

ടെലഗ്രാം ഗ്രൂപ്പുകളിലൂടെയുള്ള നിക്ഷേപത്തട്ടിപ്പുകൾ വ്യാപകമാണെന്ന് പൊലീസ് പറയുന്നു. ആദ്യ നിക്ഷേപത്തിന് നല്ല തുക ലാഭം കിട്ടുന്നതോടെ നിക്ഷേപകർ വലിയ തുകകൾ നിക്ഷേപിക്കുന്നു. ഈ പണം തിരിച്ചുവരാതാകുന്നതോടെ പോലീസിനെ സമീപിക്കുന്നു. വലിയൊരളവ് സംഖ്യയും പൊലീസിന് തിരിച്ചുപിടിക്കാൻ കഴിയാറില്ല എന്നതാണ് വാസ്തവം.

പലർക്കും കോടികളാണ് നഷ്ടം വന്നിട്ടുള്ളത്. ആദ്യ നിക്ഷേപം തിരിച്ചു കിട്ടണമെങ്കില്‍ കൂടുതൽ പണം നിക്ഷേപിക്കണമെന്ന് തട്ടിപ്പുകാർ ആവശ്യപ്പെടുമ്പോൾ ആ കുഴിയിലും ചെന്ന് ചാടിക്കൊടുക്കുന്നതാണ് പൊതുവെ ആളുകളുടെ ശീലം. ഇതാണ് വൻതുക നഷ്ടമാകാൻ കാരണമാകുന്നത്.

സോഷ്യൽ മീഡിയ വഴിയാണ് തട്ടിപ്പുകാരുടെ നീക്കങ്ങളിൽ ഭൂരിഭാഗവും നടക്കുന്നത്. പണം നഷ്ടമായി രണ്ട് മണിക്കൂറിനുള്ളിൽ സൈബർ പോലീസിനെ അറിയിക്കണം. ഇതിനായി 1930 എന്ന നമ്പർ ഉപയോഗിക്കാം. ഇങ്ങനെ ചെയ്താൽ പണം തിരിച്ചുകിട്ടാൻ സാധ്യത കൂടുതലാണ്. എന്നാൽ വളരെ വൈകിയാണ് പലരും പൊലീസിനെ സമീപിക്കാറുള്ളത്. ഈ സമയത്തിനകം തട്ടിപ്പുകാർ പണം പിൻവലിച്ചിരിക്കും.