‘തെരഞ്ഞെടുപ്പ് അടുത്തു, ഇനി പല ആരോപണങ്ങളും ഉയർന്നു വരാം’: മന്ത്രി പി രാജീവ്

ക്രമവിരുദ്ധ വായ്പകൾക്കായി മുൻ മന്ത്രിമാരായ പാലോളി മുഹമ്മദ് കുട്ടി, എ സി മൊയ്തീൻ എന്നിവരും സി പി എമ്മിന്റെ ജില്ലാ, പ്രാദേശിക നേതാക്കളും സമ്മർദ്ദം ചെലുത്തിയെന്ന് സുനിൽകുമാറിന്റെ മൊഴിയിലുണ്ടെന്നാണ് ഇ ഡി പറയുന്നത്.

0
240

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പുമായി ബന്ധപ്പെട്ട തൻ്റെ പേര് ഉയർന്നുവന്ന സാഹചര്യത്തിൽ വിശദീകരണവുമായി സംസ്ഥാന വ്യവസായിക വകുപ്പ് മന്ത്രി പി രാജീവ് രംഗത്ത്. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഇത്തരത്തിലുള്ള പല ആരോപണങ്ങളും ഇനിയും ഉയർന്നു വന്നേക്കാമെന്നും മന്ത്രി പറഞ്ഞു.

കരുവന്നൂർ സഹകരണ ബാങ്കിൽ നിയമവിരുദ്ധമായി ഒരു കാര്യത്തിലും ഇടപെട്ടിട്ടില്ലെന്നും പി രാജീവ് വ്യക്തമാക്കി. നിയമവിരുദ്ധമായ വായ്പകൾ അനുവദിക്കാൻ സി പി എം എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന പി രാജീവിന്റെ സമ്മർദ്ദമുണ്ടായെന്ന് ഇഡി ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പരാമർശിച്ചിരുന്നു.

സി പി എമ്മിന്റെ ഘടന അനുസരിച്ച് ഒരു ജില്ലയിലെ പാർട്ടി നേതൃത്വം മറ്റ് ജില്ലകളിലെ കാര്യങ്ങളിൽ ഇടപെടാറില്ലെന്നുള്ളതാണ് വസ്തുത. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ പലതും ഇനിയും ഇത്തരത്തിൽ വരും. കെ-ഫോൺ ഹർജിയിൽ കെൽട്രോണിനെ അപകീർത്തിപ്പെടുത്താനാണ് പ്രതിപക്ഷ നേതാവിന്റെ നീക്കമെന്നും മന്ത്രി ആരോപിച്ചു. എം ടിയുടെയും എം മുകുന്ദന്റെയും വിമർശനങ്ങളിൽ തങ്ങളെ ബാധിക്കുന്നതുണ്ടെങ്കിൽ ഉൾക്കൊള്ളും അതേസമയം ഇവിടെ സംഭവിക്കുന്നത് വിമർശനം ഒരാളിലേക്ക് ഒതുക്കാനുള്ള ശ്രമമാണെന്നും മന്ത്രി കൊച്ചിയിൽ കൂട്ടിച്ചേർത്തു.

അനധികൃത വായ്പകൾ അനുവദിക്കാൻ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്നപ്പോൾ ഇന്നത്തെ മന്ത്രിയായ പി രാജീവ് സമ്മർദ്ദം ചെലുത്തിയെന്നാണ് ഇ ഡി സത്യവാങ്മൂലത്തിൽ ആരോപിക്കുന്നത്. കരുവന്നൂർ ബാങ്ക് മുൻ സെക്രട്ടറി ടി ആർ സുനിൽകുമാറിന്റെ മൊഴിയാണ് സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ക്രമവിരുദ്ധ വായ്പകൾക്കായി മുൻ മന്ത്രിമാരായ പാലോളി മുഹമ്മദ് കുട്ടി, എ സി മൊയ്തീൻ എന്നിവരും സി പി എമ്മിന്റെ ജില്ലാ, പ്രാദേശിക നേതാക്കളും സമ്മർദ്ദം ചെലുത്തിയെന്ന് സുനിൽകുമാറിന്റെ മൊഴിയിലുണ്ടെന്നാണ് ഇ ഡി പറയുന്നത്.