മകരവിളക്ക് ഇന്ന്; ശബരിമലയിൽ മകരജ്യോതി ദർശിക്കാൻ ഭക്തലക്ഷങ്ങൾ, ദർശനത്തിനായി10 വ്യൂ പോയിന്റുകൾ

രണ്ട് ലക്ഷത്തോളം ഭക്തർ മകരവിളക്ക് ദർശനത്തിനായി സന്നിധാനത്തും പരിസരത്തും എത്തിച്ചേരുമെന്നാണ് വിലയിരുത്തൽ.

0
208

പത്തനംതിട്ട: മകരവിളക്ക് ദർശനത്തിനായി സന്നിധാനവും പരിസരവും ഒരുങ്ങി. പൊന്നമ്പലമേട്ടിലെ മകരജ്യോതി ദർശനത്തിനായി സന്നിധാനത്തും പരിസരത്തും ഭക്തജനപ്രവാഹമാണ്. വൈകിട്ട് ആറുമണിയോടെ തിരുവാഭരണ ഘോഷയാത്ര സന്നിധാനതെത്തും. വൈകിട്ട് അഞ്ചിനാണ് നടതുറക്കുക. ഭക്തർ മലയിറങ്ങാതെ സന്നിധാനത്ത് തുടരുകയാണ്. രണ്ട് ലക്ഷത്തോളം ഭക്തർ മകരവിളക്ക് ദർശനത്തിനായി സന്നിധാനത്തും പരിസരത്തും എത്തിച്ചേരുമെന്നാണ് വിലയിരുത്തൽ. ശക്തമായ സുരക്ഷ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. മകരജ്യോതി ദർശിക്കാൻ 10 വ്യൂ പോയിന്റുകളാണുള്ളത്. ഇവിടെ കുടിവെള്ളം ൾപ്പെടെയുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി അധികൃതർ അറിയിച്ചു.

തിരക്ക് നിയന്ത്രിക്കാനുള്ള നടപടിക്രമങ്ങളും പൊലീസ് സ്വീകരിച്ചിട്ടുണ്ട്. എട്ടു ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ 1400 പോലീസുകാരെ ജില്ലയിൽ വിവിധ ഭാഗത്ത് സുരക്ഷക്കായി നിയോഗിക്കും. പുല്ലുമേട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഡ്രോൺ നിരീക്ഷണവും ഇത്തവണയുണ്ടാകും. സത്രം, കാനന പാത, വള്ളക്കടവ് ചെക്ക്പോസ്റ്റ് എന്നിവിടങ്ങൾ വഴി പുല്ലുമേട്ടിലേക്ക് ഉച്ചയ്ക്ക് 2 വരെ മാത്രമേ ആളുകളെ കടത്തി വിടുകയുള്ളൂ. മകര വിളക്ക് കണ്ട ശേഷം സന്നിധാനത്തേക്ക് പോകാൻ ഭക്തരെ അനുവദിക്കില്ല.

5.30ന് ശരംകുത്തിയിൽ തിരുവാഭരണ ഘോഷയാത്രയെ ആചാരപൂർവ്വം സ്വീകരിക്കും. 6.15ന് കൊടിമരച്ചുവട്ടിൽ തിരുവാഭരണ പേടകത്തെ ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, മെമ്പർമാരായ അഡ്വ.എ.അജികുമാർ, ജി.സുന്ദരേശൻ എന്നിവർ ചേർന്ന് സ്വീകരിക്കും. ശ്രീകോവിലിന് മുന്നിലെത്തിക്കുന്ന പേടകം തന്ത്രി കണ്ഠരര് മഹേഷ് മോഹനരും മേൽശാന്തി പി.എൻ.മഹേഷ് നമ്പൂതിരിയും ചേർന്ന് സ്വീകരിച്ച് ശ്രീകോവിലിലേക്ക് ആനയിക്കും. 6.30ന് തിരുവാഭരണം ചാർത്തി ദീപാരാധന. തുടർന്ന് നടതുറക്കുമ്പോൾ പൊന്നമ്പലമേട്ടിൽ മകരജ്യോതിയും ആകാശത്ത് മകരസംക്രമ നക്ഷത്രവും തെളിയുന്നതോടെ സർവാഭരണ വിഭൂഷിതനായ അയ്യപ്പസ്വാമിയുടെ പുണ്യ ദർശനം.

വൈകീട്ട് മണിമണ്ഡപത്തിൽ കളമെഴുത്ത് ആരംഭിക്കും. 15, 16, 17, 18 തീയതികളില്‍ മണിമണ്ഡപത്തിൽ നിന്ന് പതിനെട്ടാംപടിക്ക് മുന്നിലേക്ക് അയ്യപ്പ സ്വാമിയുടെ എഴുന്നള്ളിപ്പും നായാട്ട് വിളിയും നടക്കും. 18-ാം തീയതി വരെ ഭക്തർക്ക് തിരുവാഭരണ ഭൂഷിതനായ അയ്യപ്പ സ്വാമിയെ ദർശിക്കാം.19 വരെ മാത്രമേ തീർഥാടകർക്ക് നെയ്യഭിഷേകം ചെയ്യാനുള്ള സൗകര്യം ഉണ്ടായിരിക്കുകയുള്ളൂ.

19 ന് മണിമണ്‌ഡപത്തിൽ നിന്ന് ശരംകുത്തിയിലേക്കുള്ള എഴുന്നള്ളത്ത് നടക്കും. ജനുവരി 20 ന് രാത്രി 10 മണിക്ക് മാളികപ്പുറം ക്ഷേത്ര സന്നിധിയിൽ ഗുരുതി നടക്കും. ജനുവരി 20 വരെ ഭക്തര്‍ക്കു ദര്‍ശനത്തിനുള്ള സൗകര്യമുണ്ടായിരിക്കും. 21 ന് പുലർച്ചെ തിരുവാഭരണ പേടകം തിരിച്ചെഴുന്നള്ളിക്കും. തുടർന്ന് പന്തളം രാജപ്രതിനിധി ശബരീശദർശനം നടത്തിയ ശേഷം ഹരിവരാസനം പാടി ശ്രീ കോവിൽ നടയടക്കും.