സപ്ലൈകോ കെട്ടിടത്തിലെ മോഷണം ; പ്രതിയെ വിദ​ഗ്ധമായി പിടികൂടി പോലീസ്

സപ്ലൈകോ കെട്ടിടത്തിലെ എക്സോസ് ഫാന്‍ ഇളക്കി മാറ്റി അകത്തുകയറി അലമാര കുത്തിത്തുറന്നാണ് പ്രതി പണം അപഹരിച്ചത്.

0
256

ആലപ്പുഴ: തിരുവാമ്പാടി ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന സപ്ലൈകോ കെട്ടിടത്തിൽ മോഷണം നടത്തിയ പ്രതി പിടിയിൽ. നിരവധി മോഷണ കേസുകളില്‍ പ്രതിയായ എടത്വ പഞ്ചായത്ത് ആറാം വാര്‍ഡില്‍ കട്ടപ്പുറം വീട്ടില്‍ വര്‍ഗീസിനെയാണ് (45) ആലപ്പുഴ സൗത്ത് പൊലീസ് പിടികൂടിയത്.

ജനുവരി മൂന്നിനാണ് മോഷണം നടന്നത്. സപ്ലൈകോ കെട്ടിടത്തിലെ എക്സോസ് ഫാന്‍ ഇളക്കി മാറ്റി അകത്തുകയറി അലമാര കുത്തിത്തുറന്നാണ് പ്രതി പണം അപഹരിച്ചത്. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ വെളുത്ത സ്‌കൂട്ടറില്‍ എത്തിയ ആളാണ് മോഷണം നടത്തിയതെന്ന് മനസിലാക്കിയിരുന്നു. സ്‌കൂട്ടര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.

എടത്വ പൊലീസ് രജിസ്റ്റര്‍ ചെയ്ത മോഷണ കേസിലും ഇയാള്‍ പ്രതിയാണ്. ആലപ്പുഴ സി.ഐ എസ്.അരുണിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ കെ.ആര്‍.ബിജു, മനോജ് യു.കൃഷ്ണന്‍, മോഹന്‍കുമാര്‍, നെവിന്‍, എ.എസ്.ഐ വേണുഗോപാല്‍, എസ്.സി.പി.ഒമാരായ ബിനോജ്, വിപിന്‍ദാസ്, സി.പി.ഒ അംബീഷ് എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.