സംഗീത സംവിധായകൻ കെ.ജെ.ജോയ് അന്തരിച്ചു

മലയാള ചലച്ചിത്ര ഗാനലോകത്തെ ആദ്യത്തെ ‘ടെക്നോ മ്യുസിഷ്യൻ’ എന്നാണ് ജോയ് അറിയപ്പെട്ടിരുന്നത്

0
337

ചെന്നൈ: സംഗീത സംവിധായകൻ കെ.ജെ.ജോയ് അന്തരിച്ചു. 77 വയസായിരുന്നു. തിങ്കളാഴ്ച പുലർച്ചെ രണ്ടരയോടെ ചെന്നൈയിലെ വീട്ടിൽവച്ചാണ് അന്ത്യം. തൃശൂർ നെല്ലിക്കുന്ന് സ്വദേശിയായ അദ്ദേഹം ഇരുനൂറിലേറെ ചിത്രങ്ങൾക്ക് സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്. ഏറെക്കാലമായി ചെന്നൈയിലായിരുന്ന ജോയ്, പക്ഷാഘാതത്തെ തുടർന്ന് കിടപ്പിലായിരുന്നു. സംസ്കാരം ബുധനാഴ്ച ചെന്നൈയിൽ നടക്കും.

1975 ൽ ‘ലൗ ലെറ്റർ’ എന്ന ചിത്രത്തിലൂടെയാണ് ജോയ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. 70ഓളം മലയാളചലച്ചിത്രങ്ങള്‍ക്ക് അദ്ദേഹം സംഗീതം ഒരുക്കിയിട്ടുണ്ട്. പന്ത്രണ്ടോളം ഹിന്ദി ചലച്ചിത്രങ്ങള്‍ക്കും അദ്ദേഹം പശ്ചാത്തല സംഗീതമൊരുക്കി. ‘കസ്തൂരി മാൻമിഴി’, ‘അക്കരെ ഇക്കരെ’ തുടങ്ങിയ ഹിറ്റ് ഗാനങ്ങളുടെ സംഗീത സംവിധായകനാണ്.

ദക്ഷിണേന്ത്യൻ സിനിമയിൽ ആദ്യമായി കീബോർഡ് ഉപയോഗിച്ചതും ഇദ്ദേഹമാണ്. മലയാള ചലച്ചിത്ര ഗാനലോകത്തെ ആദ്യത്തെ ‘ടെക്നോ മ്യുസിഷ്യൻ’ എന്നാണ് ജോയ് അറിയപ്പെട്ടിരുന്നത്. ഇവനെന്റെ പ്രിയപുത്രൻ, ചന്ദനച്ചോല, ആരാധന, സ്നേഹയമുന, മുക്കുവനെ സ്നേഹിച്ച ഭൂതം, ലിസ മദാലസ, സായൂജ്യം, ഇതാ ഒരു തീരം, അനുപല്ലവി, സർപ്പം, ശക്തി, ഹൃദയം പാടുന്നു, ചന്ദ്രഹാസം, മനുഷ്യമൃഗം, കരിമ്പൂച്ച എന്നിങ്ങനെ ഇരുനൂറിലേറെ സിനിമകൾക്കു ജോയ് സംഗീതമൊരുക്കി.