ദേശീയപാത വികസനത്തിനായി കൂടുതൽ തുക ചെലവഴിച്ചത് കേരളം; കേന്ദ്രത്തിന്‍റെ കണക്കുകൾ ഇങ്ങനെ

റോഡ് വികസനത്തിനായി ഭൂമിയേറ്റെടുക്കാൻ 25 ശതമാനം ചെലവ് കേരളം വഹിച്ചെന്നാണ് കേന്ദ്രത്തിന്‍റെ തന്നെ കണക്കുകൾ വ്യക്തമാക്കുന്നത്. 2023 ജൂലായ് വരെയുള്ള അഞ്ച് വർഷത്തിനിടെ ഏകദേശം 160 കിലോമീറ്റർ ദേശീയപാതയാണ് കേരളത്തിൽ നിർമിച്ചത്.

0
198

തിരുവനന്തപുരം: രാജ്യത്ത് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ദേശീയപാത വികസനത്തിനായി ഏറ്റവും കൂടുതൽ തുക ചെലവഴിച്ച സംസ്ഥാനം കേരളമാണ്. ഭൂമി ഏറ്റെടുക്കാനായി തുക ചെലവഴിച്ച സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളം ഒന്നാമതായി ഇടംപിടിച്ചത്. മധ്യപ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങൾ ഈ കാലയളവിൽ സംസ്ഥാന വിഹിതം നൽകിയിട്ടില്ലെന്നും കേന്ദ്രസർക്കാരിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നു. 5580 കോടി രൂപയാണ് ഭൂമിയേറ്റെടുക്കുന്നതിനായി കേരളം ചെലവഴിച്ചത്.

കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്‍റെ കണക്കുകളിലാണ് ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കാൻ കൂടുതൽ തുക നൽകിയ സംസ്ഥാനം കേരളമാണെന്ന് വ്യക്തമാക്കുന്നത്. തുക ചെലവിട്ടതിൽ കേരളത്തിന് പിന്നിലുള്ളത്. ഹരിയാനയാണ് 3114 കോടിയാണ് ഹരിയാന ചെലവഴിച്ചിരിക്കുന്നത്. മൂന്നാമതുള്ള ഉത്തർപ്രദേശ് 2301 കോടിയാണ് അഞ്ച് വർഷത്തിനിടെ ചെലവിട്ടത്.
ബിഹാർ 733 കോടി, ഡൽഹി 654 കോടി, കർണാടക 276 കോടി, തമിഴ്നാട് 235 കോടി എന്നിങ്ങനെയാണ് പട്ടികയിൽ പിന്നിലുള്ള സംസ്ഥാനങ്ങൾ ചെലവഴിച്ച തുക. അതേസമയം നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഭൂമിയേറ്റെടുക്കാൻ കൂടുതൽ തുക ചെലവഴിച്ചത് മഹാരാഷ്ട്രയിലാണ് 27,568 കോടി രൂപയാണ്. രണ്ടാം സ്ഥാനത്തുള്ള ഉത്തർപ്രദേശിൽ 23,134 കോടിയും എൻഎച്ച്എഐ ചെലവിട്ടു.
അഞ്ച് വർഷത്തിനിടെ 22,119 കോടി രൂപയാണു ഭൂമി ഏറ്റെടുക്കലിന് എൻഎച്ച്എഐ കേരളത്തിൽ ചെലവാക്കിയത്. റോഡ് വികസനത്തിനായി ഭൂമിയേറ്റെടുക്കാൻ 25 ശതമാനം ചെലവ് കേരളം വഹിച്ചെന്നാണ് കേന്ദ്രത്തിന്‍റെ തന്നെ കണക്കുകൾ വ്യക്തമാക്കുന്നത്. 2023 ജൂലായ് വരെയുള്ള അഞ്ച് വർഷത്തിനിടെ ഏകദേശം 160 കിലോമീറ്റർ ദേശീയപാതയാണ് കേരളത്തിൽ നിർമിച്ചത്. വരാനിരിക്കുന്ന മൂന്ന് ഗ്രീൻഫീൽഡ് പ്രോജക്ടുകളിൽ നാലുവരിപ്പാത ഉൾപ്പെടെയുള്ള ഭൂമിയുടെ വിലയുടെ 25% വഹിക്കാൻ സംസ്ഥാനം സമ്മതിച്ചിട്ടുണ്ട്.