കേരളത്തോടുള്ള കേന്ദ്ര അവ​ഗണന; പ്രതിപക്ഷ നേതാക്കളുമായുള്ള മുഖ്യമന്ത്രിയുടെ ചർച്ച ഇന്ന്

കേന്ദ്രത്തിന്റെ പ്രതികാര നടപടികൾ മൂലം ഈ വർഷം മാത്രം 54,700 കോടിയുടെ വരുമാന നഷ്ടമാണ്‌ കേരളത്തിനുണ്ടായത്‌.

0
192

തിരുവനന്തപുരം: കേരളത്തോടുള്ള കേന്ദ്ര അവഗണനയിൽ തുടർനടപടികൾ പ്രതിപക്ഷ നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ചർച്ച നടത്തും. രാവിലെ പത്ത് മണിക്ക് ഓൺലൈനായാണ് യോഗം സംഘടിപ്പിച്ചിട്ടുള്ളത്. പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി എന്നിവരുമായാണ് മുഖ്യമന്ത്രി ചർച്ച നടത്തുന്നത് .

കേരളത്തിന് അർഹമായ വിഹിതം വെട്ടിക്കുറച്ചും തടഞ്ഞുവച്ചും സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്രത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. പിന്നാലെ ഡൽഹിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും അണിചേർന്നുള്ള പ്രതിഷേധവും സംഘടിപ്പിച്ചിട്ടുണ്ട്. ഇതിനു പിന്നാലെ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനെയും ഉപനേതാവ്‌ പി കെ കുഞ്ഞാലിക്കുട്ടിയെയും മുഖ്യമന്ത്രി ചർച്ചയ്ക്ക്‌ വിളിച്ചിരിക്കുന്നത്.

കേന്ദ്രത്തിന്റെ പ്രതികാര നടപടികൾ മൂലം ഈ വർഷം മാത്രം 54,700 കോടിയുടെ വരുമാന നഷ്ടമാണ്‌ കേരളത്തിനുണ്ടായത്‌. സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി പോലും മുടക്കാനുള്ള നീക്കമാണ് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഇക്കാര്യത്തിൽ കേരളത്തോട് കടുത്ത അവഗണനയാണ് ഉണ്ടാകുന്നതെന്ന് രാഷ്ട്രീയഭേദമില്ലാതെ അഭിപ്രായം വന്നിരുന്നു.