അമിത വേഗതയിലെത്തിയ കാറിടിച്ച് യുവാവ് മരിച്ചു; രണ്ട് ദിവസത്തിന് ശേഷം പ്രതി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

മദ്യപിച്ച് ബാറിൽ നിന്നിറങ്ങിയ അമൽദേവും സംഘവും സഞ്ചരിച്ച കാർ പാറശ്ശാല സ്വദേശി സജികുമാറിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

0
265

തിരുവനന്തപുരം: അമിത വേഗതയിലെത്തിയ കാറിടിച്ച് യുവാവ് മരിച്ച കേസിൽ രണ്ട് ദിവസത്തിന് ശേഷം പ്രതി പൊലീസ് സ്​റ്റേഷനിലെത്തി കീഴടങ്ങി.അഞ്ചാലിക്കോണം സ്വദേശി അമൽ ദേവാണ് ഇന്ന് പുലർച്ചയോടെ കീഴടങ്ങിയത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയിൽ പാറശ്ശാലയിൽ വെച്ചാണ് അപകടം നടന്നത്.

മദ്യപിച്ച് ബാറിൽ നിന്നിറങ്ങിയ അമൽദേവും സംഘവും സഞ്ചരിച്ച കാർ പാറശ്ശാല സ്വദേശി സജികുമാറിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുട ആഘാതത്തിൽ സംഭവ സ്ഥലത്ത് വച്ചുതന്നെ സ‌ജികുമാർ മരിച്ചിരുന്നു. പിന്നീട് നാട്ടുകാർ ഓടിക്കൂടി അമൽദേവിനെ പിടികൂടി. എന്നാൽ ഇയാൾക്കും അപകടത്തിൽ മുറിവേറ്റിരുന്നു. തുടർന്ന് ഇയാളെ ആശുപത്രിയിലേക്ക് ആംബുലൻസിൽ കൊണ്ടുപോകുന്നതിനിടെ ഓടിരക്ഷപ്പെടുകയായിരുന്നു.

തുടർന്നാണ് ഇന്ന് പുലർച്ചയോടെ അമൽ ദേവ് പൊലീസിന് മുൻപിൽ ഹാജരായത്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഇയാൾ ഹാജരായതെന്നാണ് നിഗമനം. അപകടത്തിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.