വിവാദ കൈവെട്ട് പരാമർശം: എസ്കെഎസ്‍എസ്എഫ് നേതാവ് സത്താർ പന്തല്ലൂരിനെതിരെ കേസ്

മലപ്പുറം പൊലീസാണ് ഐപിസി വകുപ്പ് 153 പ്രകാരം കേസ് എടുത്തത്

0
109

മലപ്പുറം: വിവാദ കൈവെട്ട് പരാമർശത്തിൽ എസ്കെഎസ്‍എസ്എഫ് നേതാവ് സത്താർ പന്തല്ലൂരിനെതിരെ കെസെടുത്ത് പോലീസ്. മലപ്പുറം പൊലീസാണ് ഐപിസി വകുപ്പ് 153 പ്രകാരം കേസ് എടുത്തത്. മലപ്പുറത്തെ മുഖദ്ദസ് സന്ദേശയാത്രയുടെ സമാപനത്തിലായിരുന്നു സത്താർ പന്തല്ലൂരിന്റെ വിവാദ പ്രസംഗം. ഇതിനെതിരെ അഷ്റഫ് കളത്തിങ്ങൽ എന്നയാളാണ് പരാതി നൽകിയത്. മസ്തയുടെ പണ്ഡിതന്മാരെ പ്രയാസപ്പെടുത്തിയാൽ കൈവെട്ടാൻ പ്രവർത്തകർ ഉണ്ടാകും എന്നായിരുന്നു പരാമർശം. ഇതിനെതിരെ വലിയ രീതിയിൽ വിമർശങ്ങൾ വരികയും സംഭവം വിവാദമാവുകയും ചെയ്തിരുന്നു.

സംഭവത്തിൽ സമസ്ത മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി രം​ഗത്തെത്തിയിരുന്നു. തീവ്ര സ്വഭാവത്തിൽ സംസാരിക്കുന്നത് സമസ്തയുടെ ശൈലിയല്ലെന്ന് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി മൊയ്തീൻ ഫൈസി പുത്തനഴി വ്യക്തമാക്കി. ഇത്തരം പരാമർശങ്ങൾ സമസ്തയുടെ നേതാക്കൾ പറയാറില്ല, തീവ്രവാദികൾക്കെതിരെ എന്നും നിലപാട് എടുത്ത പ്രസ്ഥാനമാണ് സമസ്തയെന്ന് മൊയ്തീൻ ഫൈസി പുത്തനഴി പറഞ്ഞു.

സമസ്തയുടെ പണ്ഡിതന്മാരെ പ്രയാസപ്പെടുത്താൻ വരുന്നവരുടെ കൈവെട്ടാൻ എസ്കെഎസ്എസ്എഫ് പ്രവർത്തകർ ഉണ്ടാകുമെന്നാണ് സത്താർ പന്തല്ലൂർ പറഞ്ഞത്. സമസ്ത മുശാവറ ഒരു തീരുമാനം എടുത്താൽ അത് അംഗീകരിക്കണം. അല്ലാത്തവരെ സമസ്തയ്ക്കും എസ്കെഎസ്എസ്എഫിനും ആവശ്യമില്ലെന്നും സത്താർ പന്തല്ലൂർ പറഞ്ഞു.