മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ്‌ നേതാവുമായ ടി.എച്ച് മുസ്തഫ അന്തരിച്ചു

കെ. കരുണാകരൻ മന്ത്രി സഭയിൽ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രിയായിരുന്നു.

0
163

കൊച്ചി: മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ്‌ നേതാവുമായ ടി.എച്ച് മുസ്തഫ അന്തരിച്ചു. 84 വയസായിരുന്നു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. പുലർച്ചെ 5.40 ന് ആസ്റ്റർ മെഡിസിറ്റിയിലായിരുന്നു മരണം. വീട്ടിൽ പൊതു ദർശനത്തിന് വെച്ചശേഷം രാത്രി 8 ന് മാറമ്പള്ളി ജമാഅത്ത് പള്ളിയിൽ ഖബറടക്കും.

ആരോ​ഗ്യ പ്രശ്നങ്ങളെ തുടർന്ന് രാഷ്ട്രീയത്തിൽ നിന്ന് ഏറെ നാളായി വിട്ടുനിൽക്കുകയായിരുന്നു. കുന്നത്തുനാട് നിയമസഭാ മണ്ഡലത്തില്‍ നിന്നും നാല് തവണയും ആലുവയിൽ നിന്നും ഒരു തവണയും നിയമസഭയിലേക്ക് എത്തി. കെ. കരുണാകരൻ മന്ത്രി സഭയിൽ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രിയായിരുന്നു. കോൺഗ്രസിന്‍റെ വിദ്യാർഥി പ്രസ്ഥാനത്തിലൂടെ കടന്നുവന്ന തീപ്പൊരി പ്രാസംഗികനായിരുന്ന മുസ്തഫ, യൂത്ത് കോൺഗ്രസിലൂടെ വളർന്ന് കോൺഗ്രസിന്‍റെ നേത്യസ്ഥാനങ്ങളിലെത്തിയാളാണ്.

എറണാകുളം ഡിസിസി ജനറല്‍ സെക്രട്ടറി, എറണാകുളം ഡിസിസി പ്രസിഡന്റ്, കെപിസിസി ജനറല്‍ സെക്രട്ടറി, കെപിസിസി വൈസ് പ്രസിഡന്റ്, കേരള ഖാദി വ്യവസായ ബോര്‍ഡ് വൈസ് ചെയര്‍മാന്‍, കോണ്‍ഗ്രസ് നിയമസഭ കക്ഷി ഉപനേതാവ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.