കെ വി കുഞ്ഞിരാമൻ
ചുട്ട കോഴിയെ പറപ്പിക്കുന്ന മന്ത്രവാദികളോ ! ചെറുപ്പത്തിൽ പറഞ്ഞുകേട്ടതാണ്. മുത്തശ്ശിമാരോട് അന്നേ സംശയവും ചോദിച്ചിരുന്നു . അത്രയും അമാനുഷ ശേഷിയുള്ള ചിലർ ഉണ്ടെന്നുതന്നെയാണ് അവർ വിശ്വസിച്ചിരുന്നത്. കിട്ടിയ മറുപടിയും അപ്രകാരംതന്നെ. എന്നാൽ , ഇന്നോ … അത്തരക്കാരെയും കവച്ചുവെക്കുന്ന മാധ്യമതന്ത്രിമാരുണ്ട്. അവർ സീറോയെ ഹീറോ ആക്കും. വിരലിനെ ഉരൽ ആക്കും. ചത്ത കുതിരയെ ചാടിക്കും. ചിറകില്ലാത്ത പക്ഷിയെ പറപ്പിക്കും. ഏതു നുണയും നേരാക്കും. സത്യത്തെ കുളിപ്പിച്ചുകിടത്തി വെള്ളയിട്ട് മൂടും.
ഗീബൽസിന്റെ ഗുരുതുല്യരാണവർ. ആരെയും ശ്രേഷ്ഠരാക്കാൻ നാക്കുളുപ്പോ കൈയറപ്പോ ഇല്ലാത്ത,ഭാവനാമികവും ഭാഷാവൈഭവവും ഉള്ള രചനാവിദഗ്ധരെ യഥേഷ്ടം വിലയ്ക്കു വാങ്ങാൻ കിട്ടുന്നുണ്ടുതാനും. അവരാണ് മഹാത്മാ ഗാന്ധിയെ നിന്ദിക്കുകയും ഘാതകൻ ഗോദ്സെയെ വാഴ്ത്തപ്പെട്ടവനാക്കുകയും ചെയ്യുന്നത്. അവരാണ് ജവഹർലാൽ നെഹ്റുവിനെ പഴിക്കുകയും വി ഡി സവർക്കറെ പുകഴ്ത്തുകയും ചെയ്യുന്നത്. അവരാണ് നേതാജി സുഭാഷ് ചന്ദ്രബോസിനെയും ഭഗത് സിംഗിനെയും സർദാർ വല്ലഭായ് പട്ടേലിനെയും സ്വന്തക്കാരാക്കാൻ ശ്രമിക്കുന്നത്. അവരാണ് മോദിജിയുടെ ബാല്യത്തിലെ വീരസാഹസികതകൾ നിറച്ച നുറുങ്ങുകഥകൾ പടച്ചുവിടുന്നത് .
ഹിന്ദിയിൽ തയ്യാറാക്കിയ ആ കൃതികൾ ഇനി മൊഴിമാറ്റം ചെയ്ത് മലയാളത്തിലും വന്നുകൂടായ്കയില്ല. ചിലപ്പോൾ ചില സംസ്ഥാനങ്ങളിൽ പാഠപുസ്തകവും ആയേക്കാം. അവ ഉണ്ണിക്കണ്ണന്റെ മായാവിലാസങ്ങളെവരെ നിഷ്പ്രഭമാക്കിയാലും അതിശയിക്കാനില്ല. “വിശ്വഗുരു”വിനെ അവതരിപ്പിക്കുന്നതിലെ മിടുക്ക് കണ്ടില്ലേ. മാധ്യമപരിലാളന കൊഴുപ്പിക്കാൻ പരശ്ശതംകോടി രൂപ ചെലവാക്കിയാലും സംഗതി ജോറുതന്നെ.
ഗുജറാത്തിലെ ബിൽബിക്കിസ് ബാനുവിന്റെ കുടുംബത്തെപോലെ നിരവധി നിരപരാധികളെ കൊലചെയ്ത , അത്തരം കാടത്തത്തെയും ന്യായീകരിക്കുന്ന , ആ കൂട്ടക്കൊല കേസ് പ്രതികളെയും നിരുപാധികം മോചിപ്പിച്ച , അവരെ പൂമാലയിട്ട് സ്വീകരിച്ച വെറുപ്പിന്റെ പ്രചാരകർക്ക് എന്ത് മൂല്യബോധം, മനുഷ്യത്വം…
മഹത്തായ ജനാധിപത്യ-മതേതര പാരമ്പര്യം പുലർത്തിപ്പോരുന്ന ഇന്ത്യയെ ഹിന്ദുത്വരാഷ്ട്ര മാക്കാൻ കാവിക്കച്ചകെട്ടി അലറിവിളിച്ച് നടക്കുന്നവർക്ക് അവർ ചെയ്യുന്നതെന്തും ശരിയാണ്. അവർ പറയുന്നതെല്ലാം വേദവാക്യങ്ങളാണ്. അത് അംഗീകരിക്കാത്തവരോട് അവർ നിലവിട്ട് ആക്രോശിക്കും ; അധിക്ഷേപിക്കും.
പരകാല പ്രഭാകർ എന്ന ലോകശ്രദ്ധയാകർഷിച്ച രാഷ്ട്രീയ നിരീക്ഷകന്റെ അഭിപ്രായങ്ങളോടുപോലും പുച്ഛമാണവർക്ക്. ഇങ്ങനെ സൂചിപ്പിച്ചാൽ, അദ്ദേഹത്തെ നാട്ടിൻപുറത്തെ സംഘപരിവാറുകാർ അറിഞ്ഞുകൊള്ളണമെന്നില്ല. ആന്ധ്രപ്രദേശ് സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവായിരുന്ന പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞൻ എന്നു പറഞ്ഞാലും തിരിയണമെന്നില്ല. അതുകൊണ്ട് , കേന്ദ്രത്തിലെ ധനകാര്യ മന്ത്രി നിർമ്മല സീതാരാമന്റെ ഭർത്താവ് എന്നുകൂടി പരിചയപ്പെടുത്താം. കേന്ദ്ര ഭരണകൂടത്തിന് പ്രലോഭിപ്പിച്ചോ ഭീഷണിപ്പെടുത്തിയോ വശത്താക്കാൻ കഴിയാത്ത ദേശീയതലത്തിലെ അപൂർവം ബുദ്ധിജീവികളിൽ ഉന്നതശീർഷനാണ് പരകാല പ്രഭാകർ .
അദ്ദേഹത്തിന്റെ” മോന്തായം വളഞ്ഞ നവ ഇന്ത്യ ” (ദി ക്രൂക്കെഡ് ടിംബെർ ഓഫ് ന്യൂ ഇന്ത്യ) എന്ന ഒരു പഠനഗ്രന്ഥമുണ്ട്. രാഷ്ട്രീയവിശകലന പുസ്തകങ്ങളിൽ സമീപകാലത്തെ “ബെസ്റ്റ് സെല്ലറാണ് “. ഇന്ത്യയെ മതാധിഷ്ഠിത രാഷ്ട്രമാക്കാൻ ഒരുമ്പെട്ടിറങ്ങിയ മോദിഭക്തരെ തുറന്നുകാട്ടുന്ന കൃതിയാണിത്. രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന പാവപ്പെട്ടവരുടെ ജീവിതം അനുദിനമെന്നോണം നരകതുല്യമായിത്തീരുമ്പോഴും സ്വർഗത്തിലേക്കിതാ നമ്മൾ നടന്നടുക്കുന്നു എന്ന് തോന്നിക്കുന്ന പ്രചാരണഘോഷമില്ലേ – അത് എത്ര സമർത്ഥമായി സംഘപരിവാർ മാധ്യമ സെല്ലിലെ വമ്പന്മാർ ജനമനസ്സിൽ കുത്തിനിറയ്ക്കുന്നു എന്നും പ്രഭാകറിന്റെ ലേഖനങ്ങൾ ആധികാരിക കണക്കുകൾ നിരത്തി വിശദമാക്കുന്നുണ്ട്. അതിൽ പരാമർശിച്ച മാധ്യമപിന്തുണയ്ക്കു പിന്നിലെ പണമൊഴുക്കലിന്റെ ഭാഗങ്ങൾ മാത്രം ഇപ്പോൾ ഇവിടെ ചൂണ്ടിക്കാട്ടാം.
” ഇന്ന് രാജ്യത്തെ ഏറ്റവും വലിയ സമ്പന്നമായ പാർട്ടി ബി ജെ പി യാണ്. പേര് വെളിപ്പെടുത്താതെ ബി ജെ പി യുടെ അക്കൗണ്ടിലേക്ക് വൻകിട കോർപ്പറേറ്റ് മുതലാളിമാർ അളവറ്റ് പണമൊഴുക്കുകയാണ്. എന്നാൽ , യഥാർത്ഥത്തിൽ പേരുകൾ അജ്ഞാതമല്ല. കാരണം, സർക്കാർ നിയന്ത്രിക്കുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഇലക്ടറൽ ബോണ്ടുകൾ വിതരണം ചെയ്യുന്നത്. ഈ വഴിയിലൂടെ 2018 നും 2022 നും ഇടയ്ക്ക് ബി ജെ പിക്ക് കിട്ടിയത് 5270 കോടി രൂപയാണ്. അതായത് മൊത്തം സമാഹരിച്ച ബോണ്ട് തുകയുടെ 57 ശതമാനം. രണ്ടാം സ്ഥാനത്തുള്ള പ്രധാന പ്രതിപക്ഷ കക്ഷിയായ കോൺഗ്രസിന് ലഭിച്ചതാവട്ടെ 964 കോടി രൂപയാണ് ; കേവലം 10 % . ശേഷിക്കുന്ന എല്ലാ രാഷ്ട്രീയ പാർട്ടികൾക്കുംകൂടി 33 ശതമാനമേ നേടാനായുള്ളൂ “.
സംഘപരിവാർ സമ്പാദിക്കുന്ന ഭീമമായ ഫണ്ടിൽ ഏറിയ പങ്കും രണ്ട് കാര്യങ്ങൾക്കാണ് വിനിയോഗിക്കുന്നതെന്നും ” മോന്തായം വളഞ്ഞ നവ ഇന്ത്യ “യിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അതിൽ മുഖ്യവിഹിതം മറ്റു പാർട്ടികളിൽനിന്ന് എം എൽ എ മാരെയും നേതാക്കളെയും ചാക്കിട്ടുപിടിക്കാനാണ്. ഗോവ, ഹരിയാന, മഹാരാഷ്ട്ര മുതലായ സംസ്ഥാനങ്ങളിൽ ഭൂരിപക്ഷമില്ലാഞ്ഞിട്ടും ഭരണം തട്ടിയെടുത്തത് ഇങ്ങനെയാണ്. 40 കോടിരൂപ മുതൽ 50 കോടിരൂപ വരെയാണ് ഓരോ എം എൽ എ യെയും മറുപക്ഷത്തുനിന്ന് ഇപ്പുറത്തെത്തിക്കാൻ ചെലവഴിച്ചത്. റൊക്കം കൊടുത്തതിനു പുറമെ, ബഹുനക്ഷത്ര റിസോർട്ടുകളിലേക്ക് ജനപ്രതിനിധികളെ റാഞ്ചിക്കൊണ്ടുവന്ന് ആഴ്ചകളോളം സുഖിപ്പിച്ചതിന്റെ ചില്ലറയും ഇതിൽ പെടും. അതു കഴിഞ്ഞാൽ തങ്ങൾക്കനുകൂലമായ പൊതുജനാഭിപ്രായം ഉല്പാദിപ്പിച്ചെടുക്കാനാണ് ഫണ്ട് കൂടുതൽ നീക്കിവെക്കുന്നത്. അതിന്റെ വിഹിതം രാജ്യത്തെ എല്ലാ മണ്ഡലങ്ങളിലെയും കീഴെത്തട്ടിലെ സംഘപരിവാർ നവമാധ്യമഗ്രൂപ്പുകൾക്കും എത്തിക്കുന്നുണ്ട്.
ചില സ്വതന്ത്ര പേരുകളിൽ വാട്സാപ് ഗ്രൂപ്പുകൾ ഉണ്ടാക്കിയാണ് ഇവർ രംഗത്തിറങ്ങുക. നിഷ്പക്ഷ മുഖംമൂടി ഗുണം ചെയ്യുമെന്നതിനാൽ, പ്രാദേശികമായി
അറിയപ്പെടുന്ന ഇടതുപക്ഷക്കാരിലെയും കോൺഗ്രസും മുസ്ലീംലീഗും ഉൾപ്പെടെയുള്ള കക്ഷികളിലെയും ചില ആളുകളെ ഈ ഗ്രൂപ്പിലേക്ക് തലപ്പത്തുള്ളവർ സ്വമേധയാ ചേർക്കും. അവരെ അറിയിക്കുകയോ സമ്മതം ചോദിക്കുകയോ ചെയ്യില്ല. ആശയ സംവാദത്തിനുള്ള വേദി എന്നു കരുതി അക്കൂട്ടത്തിൽ ആരെങ്കിലും യാദൃച്ഛികമായി ഇത് കണ്ട് ഫലപ്രദമായ നിലയിൽ ഇടപെട്ടാലോ … നിൽക്കക്കള്ളി നൽകുകയുമില്ല. അഡ്മിൻതലത്തിലെ പച്ച മുഖങ്ങൾ പിന്മാറും. അണിയറയിലെ കത്തിവേഷങ്ങളെ ഉറഞ്ഞുതുള്ളാനിറക്കും.
ഭേഷ് കൂട്ടരേ . ബായ്… നിങ്ങളെ ജനങ്ങൾ ഇനിയും ഒറ്റപ്പെടുത്തുന്ന കാലം വരും. ഏഴു പതിറ്റാണ്ടിനുള്ളിൽ നിയമസഭയിൽ തുറന്ന ഏക അക്കൗണ്ടും പൂട്ടിച്ചപോലെ . ഇത് കേരളമാണ്. വർഗീയവികാരം ആളിക്കത്തിച്ച് നേട്ടം കൊയ്യാവുന്ന മണ്ണല്ല .