തീ കായുന്നതിനിടെ കൽക്കരി പുക ശ്വസിച്ചു ; ശ്വാസംമുട്ടി രണ്ട് കുഞ്ഞുങ്ങളുൾപ്പെടെ നാല് പേർക്ക് ദാരുണാന്ത്യം

തണുപ്പിൽ നിന്ന് രക്ഷ നേടാൻ മുറിയിൽ കത്തിച്ചു വെച്ചിരുന്ന കൽക്കരിയിലെ പുക മുറിയിൽ നിറഞ്ഞ് ശ്വാസം മുട്ടിയാണ് നാലുപേർക്കും ജീവൻ നഷ്ടമായത്

0
185

ദില്ലി: ശൈത്യം രൂക്ഷമായ സാഹചര്യത്തിൽ തീ കായുന്നതിനിടെ കൽക്കരി പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം. മരിച്ചവരിൽ ഏഴും എട്ടും വയസുള്ള രണ്ട് കുട്ടികളും ഉൾപ്പെടുന്നുണ്ട്. നാലുപേരുടെയും മൃതദേഹങ്ങൾ ഒരേ മുറിയിൽ നിന്നാണ് കണ്ടെടുത്തത്. വീട് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

വടക്കൻ ഡൽഹിയിലെ അലിപൂരിലെ ഖേദ മേഖലയിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. തണുപ്പിൽ നിന്ന് രക്ഷ നേടാൻ മുറിയിൽ കത്തിച്ചു വെച്ചിരുന്ന കൽക്കരിയിലെ പുക മുറിയിൽ നിറഞ്ഞ് ശ്വാസം മുട്ടിയാണ് നാലുപേർക്കും ജീവൻ നഷ്ടമായത്. ഫോറൻസിക് സംഘം സ്ഥലതെത്തി സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.

അതേസമയം, ഉത്തരേന്ത്യയിൽ കൊടും ശൈത്യത്തിൽ ജന ജീവിതം ദുസ്സഹമായി തീർന്നിരിക്കുകയാണ്. കനത്ത മൂടൽമഞ്ഞ് കാരണം പല സംസ്ഥാനങ്ങളിലും ​ഗതാ​ഗതം താറുമാറായി. വരും ദിവസങ്ങളിലും സ്ഥിതി തുടരുമെന്നാണ് മുന്നറിയിപ്പ്.