രാത്രിയുടെ മറവിൽ കൃഷി നശിപ്പിക്കാൻ ഇറക്കം, ഒടുവിൽ അബന്ധത്തിൽ പൊട്ടക്കിണറ്റിലേക്ക് ; രണ്ട് പന്നികളെ വെടിവെച്ചുകൊന്നു

പഞ്ചായത്ത് പ്രസിഡൻറ് നേതൃത്വത്തിൽ ഷൂട്ടർമാർ എത്തി രാത്രി എട്ടരയോടുകൂടി കിണറ്റിൽ വച്ചുതന്നെ പന്നികളെ വെടിവെച്ച് കൊന്നു.

0
180

തിരുവനന്തപുരം: രാത്രിയിൽ വിളകൾ നശിപ്പിക്കുന്നതിനായി ഇറങ്ങിയ 2 പന്നികൾ പൊട്ടക്കിണറ്റിൽ അകപ്പെട്ടു. ഇതിനെ ഷൂട്ടർമാർ എത്തി വെടിവെച്ചുകൊന്നു. ഇന്നലെ വൈകിട്ടോടെയാണ് സംഭവം. പോത്തൻകോട് മഞ്ഞമല സുശീലന്റെ പുരയിടത്തിലെ പൊട്ടക്കിണറ്റിലാണ് രണ്ടു പന്നികൾ വീണത്. ഉടൻതന്നെ വീട്ടുകാർ പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പഞ്ചായത്ത് പ്രസിഡൻറ് നേതൃത്വത്തിൽ ഷൂട്ടർമാർ എത്തി രാത്രി എട്ടരയോടുകൂടി കിണറ്റിൽ വച്ചുതന്നെ പന്നികളെ വെടിവെച്ച് കൊന്നു.

കഴിഞ്ഞ ഒരു മാസത്തിനിടെ പോത്തൻകോട് പഞ്ചായത്തിന്റെ വിവിധ വാർഡുകളിൽ നിന്നായി 45 ഓളം പന്നികളെയാണ് വെടിവെച്ചുകൊന്നത്. വ്യാപകമായ കൃഷിനാശവും രാത്രികാലങ്ങളിൽ യാത്ര ചെയ്യുന്ന ഇരുചക്രവാഹനക്കാർക്ക് അപകടമുണ്ടായതിനെയും തുടർന്നാണ് വെടിവെച്ചുകൊല്ലാൻ പഞ്ചായത്ത് തീരുമാനിച്ചത്. ഇതിനായി പഞ്ചായത്തിന്റെ നേതൃത്വത്തിൽ 2 ഷൂട്ടർമാരെയും മൂന്നു സഹായികളെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

എല്ലാദിവസവും രാത്രി ഒരുമണിവരെ പ്രദേശങ്ങളിൽ ഇവർ പന്നി വേട്ട നടത്തും. ഇതിനായി ഓരോ പന്നിക്കും ആയിരം രൂപ വീതം പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്നും അനുവദിച്ചിട്ടുണ്ട്. വെടിവെക്കുന്നത് അറിഞ്ഞ് പലപ്പോഴും നാട്ടുകാർ കൂടുന്നത് വലിയ അപകടത്തിന് കാരണമാകുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് റ്റി ആർ അനിൽകുമാർ പറയുന്നത്. അതേസമയം, കൊന്ന പന്നികളെ സമീപത്തായി മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് കുഴിയെടുത്ത് മറവും ചെയ്തു.