ചരിത്ര പ്രസിദ്ധമായ എരുമേലി പേട്ടതുള്ളൽ ഇന്ന്; തിരുവാഭരണ ഘോഷയാത്ര നാളെ പുറപ്പെടും, മകരളവിളക്ക് 15 ന്

ശബരിമലയിൽ ഇന്ന് ഉന്നതതലയോഗം ചേരുന്നുണ്ട്. മകരവിളിക്കിനായുള്ള മുന്നൊരുക്കങ്ങൾ വിലയിരുത്താനും തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കാനുമായാണ് യോ​ഗം ചേരുന്നത്.

0
206

പത്തനംതിട്ട: ചരിത്ര പ്രസിദ്ധമായ എരുമേലി പേട്ടതുള്ളൽ ഇന്ന്. അയ്യപ്പന്റെ മാതൃസ്ഥാനീയരായ അമ്പലപ്പുഴ സംഘമാണ് ആദ്യം പേട്ടതുള്ളുന്നത്. പേട്ടധർമശാസ്താ ക്ഷേത്രത്തിൽ അയ്യപ്പന്റെ സ്വർണത്തിടമ്പ് പൂജിക്കും. തുടർന്ന് ഉച്ചയ്ക്ക് മുൻപ് ആകാശത്ത് പരുന്തിനെ കാണുമ്പോൾ പേട്ടശാസ്താ ക്ഷേത്രത്തിൽ നിന്നും പേട്ടതുള്ളൽ ആരംഭിക്കും. ക്ഷേത്രത്തിൽനിന്നും പേട്ടതുള്ളി മസ്ജിദിൽ എത്തുന്ന അമ്പലപ്പുഴ സംഘത്തെ ജമാഅത്ത് കമ്മിറ്റി പ്രതിനിധികൾ സ്വീകരിക്കും. തുടർന്ന് രണ്ടുമണിയോടെ പേട്ടതുള്ളൽ സമാപിക്കും. മൂന്നുമണിയോടെ ആലങ്ങാട് സംഘത്തിന്റെ പേട്ടതുള്ളൽ പേട്ടശാസ്താ ക്ഷേത്രത്തിൽനിന്ന് തുടങ്ങും. യോഗം പെരിയോൻ അമ്പാടത്ത് എ.കെ. വിജയകുമാർ ആലങ്ങാട് സംഘത്തെ നയിക്കും.

മകരവിളക്ക് ദിവസം അയ്യപ്പവിഗ്രത്തിൽ ചാർത്താനുള്ള തിരുവാഭരണവും വഹിച്ചുള്ള ഘോഷയാത്ര നാളെ പന്തളത്ത് നിന്ന് പുറപ്പെടും. കൊട്ടാരത്തിലെ കുടുംബാംഗം മരിച്ച സഹാചര്യത്തിൽ പ്രത്യേക ചടങ്ങുകൾ ഒന്നും ഇക്കുറി വലിയകോയിക്കൽ ക്ഷേത്രത്തിൽ ഉണ്ടായിരിക്കില്ല. രാജപ്രതിനിധിയും ഘോഷയാത്രയെ അനുഗമിക്കില്ല. 15 ന് വൈകീട്ട് ശരംകുത്തിയിലെത്തുന്ന തിരുവാഭരണ ഘോഷയാത്രയെ ദേവസ്വം ബോർഡ് പ്രസിഡന്‍റ് ഉൾപ്പെടെ സ്വീകരിച്ച് സന്നിധാനത്തേക്ക് കൊണ്ടുപോകും. തുടർന്ന് തിരുവാഭരണം ചാർത്തി ദീപാരാധനയും പൊന്നമ്പലമേട്ടിൽ മകരജ്യോതിയും തെളിയും.

അതേസമയം, ശബരിമലയിൽ ഇന്ന് ഉന്നതതലയോഗം ചേരുന്നുണ്ട്. മകരവിളിക്കിനായുള്ള മുന്നൊരുക്കങ്ങൾ വിലയിരുത്താനും തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കാനുമായാണ് യോ​ഗം ചേരുന്നത്. ദേവസ്വം പ്രസിഡന്‍റ്, സന്നിധാനം സ്പെഷ്യൽ ഓഫീസർ, ശബരിമല എഡിഎം തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. മകര വിളക്ക് ദർശനത്തിനായുള്ള പത്തു പോയിന്റുകളിലെ സുരക്ഷയും, മകരവിളക്ക് ദിവസം ജ്യോതി ദർശനത്തിനായി പുല്ലുമേടിലേക്ക് തീർത്ഥാടകരെ കയറ്റി വിടുന്ന കാര്യവും യോഗത്തിൽ ചർച്ച ചെയ്യും.