ഒരുമിച്ച് ജീവിക്കാൻ കഴിയാതെവന്നതോടെ കൊല, എല്ലാം അവളുടെ നിർദ്ദേശപ്രകാരമെന്ന് അച്ചു: വിതുര കേസിൽ ദുരൂഹതയെന്ന് പൊലീസ്

സുനിലയെ കൊലപ്പെടുത്തിയ ശേഷം ആ മൃതദേഹത്തിനൊപ്പം അന്ന് രാത്രി മുഴുവൻ അച്ചു കിടന്നുറങ്ങി. പിറ്റേന്ന് രാവിലെ അവിടെ നിന്നും എഴുന്നേറ്റ് തിരുവനന്തപുരത്ത് ജോലി സ്ഥലത്തു പോകുകയും ചെയ്തിരുന്നു.

0
234

തിരുവനന്തപുരം: വിതുരയിലെ കൊലപൊതകത്തിൽ ദുരൂഹതകളുണ്ടെന്ന് പൊലീസ്. വിതുര മണലി ചെമ്പിക്കുന്ന് സ്വദേശിനി സുനിലയെ കാമുകനായ അച്ചു തിങ്കളാഴ്ച രാത്രിയിലാണ് കൊലപ്പെടുത്തിയത്. ഒരുമിച്ചു ജീവിക്കാൻ കഴിയാത്തതിനെ തുടർന്ന് കൊലപാതകം നടത്തിയെന്നാണ് അച്ചു പോലീസിനോട് വ്യക്തമാക്കിയിരിക്കുന്നത്. സുനിലയുടെ ആവശ്യപ്രകാരമാണ് താൻ കൊല നടത്തിയതെന്നും അതിനുശേഷം ആത്മഹത്യ ചെയ്യാനായിരുന്നു തൻ്റെ ഉദ്ദേശമെന്നും അച്ചു പൊലീസിനോട് വ്യക്തമാക്കിയിരുന്നു. എന്നാൽ ആത്മഹത്യ ചെയ്യാനുള്ള ധൈര്യം ഉണ്ടായില്ലെന്നും പ്രതി നൽകിയ മൊഴിയിൽ വെളിപ്പെടുത്തിയിരുന്നു.

സുനില വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ്. പാലോട് കുറുപ്പൻകാല സ്വദേശികളും അയൽവാസികളുമാണ് കൊല്ലപ്പെട്ട സുനിലയും അച്ചുവും. ഇരുവരും തമ്മിൽ കഴിഞ്ഞ ആറ് മാസമായി പ്രണയത്തിലായിരുന്നു. ഒന്നിച്ച് ജീവിക്കണമെന്ന ആഗ്രഹം സാധിക്കാത്തതിനാലാണ് ഇരുവരും ഒരുമിച്ച് മരിക്കാൻ തീരുമാനിച്ചതെന്നാണ് പ്രതി പറയുന്നത്.

തൂങ്ങിമരിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ അത് ഒഴിവാക്കുകയായിരുന്നു. തൂങ്ങി മരിക്കുമ്പോൾ വേദനിക്കുമെന്നും പകരം എന്നെ കഴുത്ത് ഞെരിച്ച് കൊന്നശേഷം നിങ്ങൾ മരിക്കണമെന്ന് സുനില പറഞ്ഞെന്നുമാണ് അച്ചു പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. എന്നാൽ അച്ചുവിൻ്റെ മൊഴി പൊലീസ് വിശ്വസിച്ചിട്ടില്ല.

തന്നോടൊപ്പം കല്ലുംകുടിയിലെത്തിയ സുനില ഇനി ഭർത്താവ് സിബിയുടെ അടുത്തേക്ക് പോകില്ലെന്ന് പറഞ്ഞതായും അച്ചു വെളിപ്പെടുത്തി. നമുക്ക് മരിക്കാമെന്ന് പറഞ്ഞു നിർബന്ധിച്ചത് സുനിലയാണെന്നാണ് പ്രതി പറയുന്നത്. സുനിലയെ കൊലപ്പെടുത്തിയ ശേഷം ആ മൃതദേഹത്തിനൊപ്പം അന്ന് രാത്രി മുഴുവൻ അച്ചു കിടന്നുറങ്ങിയിരുന്നു എന്നും പൊലീസ് പറഞ്ഞു. പിറ്റേന്ന് രാവിലെ അവിടെ നിന്നും എഴുന്നേറ്റ് തിരുവനന്തപുരത്ത് ജോലി സ്ഥലത്തു പോകുകയും ചെയ്തിരുന്നു.

സുനിലയെ കൊലപ്പെടുത്തിയ ശേഷം താൻ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചിരുന്നു എന്നാണ് അച്ചു പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നത്. അങ്ങനെയുള്ള വ്യക്തി മൃതദേഹത്തിനൊപ്പം കിടന്നുറങ്ങുകയും പിറ്റേന്ന് രാവിലെ എഴുന്നേറ്റ് ജോലിക്ക് പോകുകയും ചെയ്തത് പൊലീസിനെ കുഴപ്പിക്കുന്നുണ്ട്. ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചയാൾ ഇങ്ങനെയൊക്കെ ചെയ്തത് എന്തിനാണെന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്.