മോഷണശ്രമം തടയാൻ ശ്രമിച്ചപ്പോൾ കൊന്നു; നിമിഷ തമ്പിയുടെ കൊലപാതകത്തില്‍ പ്രതിക്ക് ഇരട്ട ജീവപര്യന്തം

പ്രതിയായ ബിജു വല്യമ്മയുടെ മാല പൊട്ടിക്കുന്നത് കണ്ട നിമിഷ തടയാന്‍ ശ്രമിച്ചു. പിടിവലിക്കിടെ പ്രതി നിമിഷയെ ആക്രമിക്കുകയായിരുന്നു. ഇതിനിടെ തടയാന്‍ ശ്രമിച്ച വല്യച്ഛന്‍ ഏലിയാസിനെയും പ്രതി കുത്തി പരിക്കേല്‍പ്പിച്ചു.

0
135

കൊച്ചി: എറണാകുളം വാഴക്കുളത്തെ നിമിഷ തമ്പിയുടെ കൊലപാതകത്തില്‍ പ്രതിക്ക് ഇരട്ടജീവപര്യന്ത ശിക്ഷ. പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് സ്വദേശി ബിജു മൊല്ലയെയാണ് പറവൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. കൊലപാതകം, കൊലപാതക ശ്രമം, ആയുധം ഉപയോഗിച്ച് കവര്‍ച്ച, അതിക്രമിച്ച് കയറല്‍ തുടങ്ങിയ കുറ്റങ്ങള്‍ പ്രതിക്കെതിരെ ചുമത്തിയിരുന്നു.

2018 ജൂലൈ 30 നായിരുന്നു കേസിനാസ്പദമായ സംഭവം. മോഷണശ്രമത്തിനിടയില്‍ ബിരുദ വിദ്യാര്‍ഥിയായ നിമിഷയെ പ്രതി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. മാറമ്പിള്ളി എം ഇ എസ് കോളേജ് ബി ബി എ വിദ്യാര്‍ത്ഥിനിയായിരുന്നു നിമിഷ തമ്പി.

തടിയിട്ടപറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ അമ്പുനാട് അന്തിനാടാണ് സംഭവം നടന്നത്. പ്രതിയായ ബിജു വല്യമ്മയുടെ മാല പൊട്ടിക്കുന്നത് കണ്ട നിമിഷ തടയാന്‍ ശ്രമിച്ചു. പിടിവലിക്കിടെ പ്രതി നിമിഷയെ ആക്രമിക്കുകയായിരുന്നു. ഇതിനിടെ തടയാന്‍ ശ്രമിച്ച വല്യച്ഛന്‍ ഏലിയാസിനെയും പ്രതി കുത്തി പരിക്കേല്‍പ്പിച്ചു. സംഭവത്തിന് പിന്നാലെ തടിയിട്ടപറമ്പ് പോലിസ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന പി എം ഷെമീറിന്റെ നേതൃത്വത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.

റൂറല്‍ ജില്ലാ ക്രൈം ബ്രാഞ്ചാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പിയായിരുന്ന കെ.എസ് ഉദയഭാനുവാണ് കേസ് അന്വേഷിച്ചത്. കേസുമായി ബന്ധപ്പെട്ട് നാപ്പതോളം സാക്ഷികളെ വിസ്തരിച്ച ശേഷമാണ് വിധി വന്നത്. അഡിഷണല്‍ പബ്‌ളിക്ക് പ്പ്രോസിക്യൂട്ടര്‍ എം.വി.ഷാജിയാണ് പ്രോസിക്യൂഷനു വേണ്ടി ഹാജരായത്.