ആന്ധ്രാ സ്വദേശിയായ ശബരിമല തീർഥാടകന് സൗജന്യ ചികിത്സ സഹായവുമായി കേരള സർക്കാർ

ഹൈ ഡിപെൻഡൻസി യൂണിറ്റിൽ പ്രവേശിപ്പിച്ചിരിക്കുന്ന രംഗനാഥൻ അഞ്ചുദിവസത്തെ ചികിത്സക്ക് ശേഷം നാട്ടിലേക്ക് തിരിക്കും.

0
145

ആന്ധ്രാ സ്വദേശിയായ ശബരിമല തീർഥാടകന് സംസ്ഥാന സർക്കാർ സൗജന്യ ചികിത്സ സഹായം നൽകി. രക്തം കട്ടപിടിക്കാത്ത അവസ്ഥയുള്ള ഹീമോഫീലിയ രോഗിയായ ആന്ധ്രാ നെല്ലൂർ സ്വദേശി രംഗനാഥന് (26 ) ആണ് സർക്കാരിന്റെ സഹായം ലഭിച്ചത്. സംസ്ഥാന സർക്കാരിന്റെ ‘ആശാധാര’ പദ്ധതിയിലൂടെ ഒരു ലക്ഷം രൂപയുടെ ചികിത്സ സഹായമാണ് സൗജന്യമായി നൽകിയത്.

കുറച്ച് ദിവസങ്ങൾക്കു മുൻപ് കാൽ മുട്ടിനു നീരുവീക്കവുമായി രംഗനാഥൻ ആന്ധ്രയിലെ നെല്ലൂരിൽ ചികിത്സ നേടിയങ്കിലും കൃത്യമായ ചികിത്സ ലഭിച്ചിരുന്നില്ല. ഇതിനാൽ തീർത്ഥാടന യാത്രയ്ക്കിടെ രംഗനാഥന് കാൽ മുട്ടിൽ നിന്ന് രക്തസ്രാവം ഉണ്ടാവുകയായിരുന്നു. തുടർന്ന് രക്തം വാർന്ന് ക്ഷീണിതനായി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നേടിയശേഷമാണ് ജനുവരി 10ന് കോട്ടയം മെഡിക്കൽ കോളേജിൽ രംഗനാഥൻ ചികിത്സയ്ക്കെത്തിയത്.

രക്തസ്രാവം മൂലം തികച്ചും ക്ഷീണിതനായ ഇയാൾക്ക് തുടക്കത്തിൽ ആവശ്യത്തിന് രക്തം നൽകിയശേഷം ഏതുതരം രക്തഘടകത്തിന്റെ അഭാവം മൂലമുള്ള രോഗമാണെന്ന് പരിശോധിച്ച് അത് നൽകുകയാണ് വേണ്ടത്. കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കിൽ മരണം സംഭവിക്കാവുന്ന അവസ്ഥയാണിത്. എട്ടാം രക്തഘടകത്തിന്റെ അഭാവം കണ്ടെത്തി അത് നൽകി രക്തസ്രാവം നിയന്ത്രിക്കുകയായിരുന്നു. 1000 യൂണിറ്റിന് 6000 രൂപ വിലമതിക്കുന്ന 16000 യൂണിറ്റ് രക്തഘടകമാണ് രോഗിക്ക് നൽകുന്നത്. 96000 രൂപ വിലമതിക്കുന്ന മരുന്നാണ് ഇത്.

ആന്ധ്രാ നെല്ലൂർ ജില്ലയിൽ സ്വകാര്യ സ്‌കൂളിൽ യു.പി തലത്തിൽ സോഷ്യൽ സയൻസ് അധ്യാപകനാണ് രംഗനാഥൻ. മെഡിക്കൽ കോളേജിൽ യൂണിറ്റ് ചീഫ് ഡോ ടി പ്രശാന്തകുമാർ, ഡോ അതുല്യ ജി അശോക് എന്നിവരാണ് ചികിത്സക്ക് നേതൃത്വം നൽകിയത്. ഹൈ ഡിപെൻഡൻസി യൂണിറ്റിൽ പ്രവേശിപ്പിച്ചിരിക്കുന്ന രംഗനാഥൻ അഞ്ചുദിവസത്തെ ചികിത്സക്ക് ശേഷം നാട്ടിലേക്ക് തിരിക്കും.