ദുരന്ത ഭൂമിയായി ഗാസ, ഇതുവരെ കൊല്ലപ്പെട്ടത് 23,357 പേര്‍; 1.9 ദശലക്ഷം പേര്‍ പാലായനം ചെയ്തു

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഗാസ മുനമ്പില്‍ ഇസ്രായേല്‍ നടത്തിയ സൈനിക നടപടികളില്‍ 147 പലസ്തീനികള്‍ കൊല്ലപ്പെടുകയും 243 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗാസയിലെ 2.3 ദശലക്ഷം ജനസംഖ്യയില്‍ ഏകദേശം 1.9 ദശലക്ഷം ആളുകള്‍ ഇസ്രായേല്‍ ബോംബാക്രമണത്തിന് പിന്നാലെ പാലായനം ചെയ്തിട്ടുണ്ട്.

0
583

ഗാസ: ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 23,357 ആയി ഉയര്‍ന്നു.ഇതുവരെ 59,410 പേര്‍ക്ക് പരിക്കേറ്റതായും ഗാസ ആസ്ഥാനമായുള്ള ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഗാസ മുനമ്പില്‍ ഇസ്രായേല്‍ നടത്തിയ സൈനിക നടപടികളില്‍ 147 പലസ്തീനികള്‍ കൊല്ലപ്പെടുകയും 243 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗാസയിലെ 2.3 ദശലക്ഷം ജനസംഖ്യയില്‍ ഏകദേശം 1.9 ദശലക്ഷം ആളുകള്‍ ഇസ്രായേല്‍ ബോംബാക്രമണത്തിന് പിന്നാലെ പാലായനം ചെയ്തിട്ടുണ്ട്.

സെന്‍ട്രല്‍ ഗാസയിലെ ദേര്‍ അല്‍-ബാലയിലെ അല്‍-അഖ്സ രക്തസാക്ഷി ആശുപത്രിക്ക് സമീപമുള്ള ഒരു വീടിനെ ലക്ഷ്യമിട്ട് ബുധനാഴ്ച ഇസ്രായേല്‍ നടത്തിയ ബോംബാക്രമണത്തില്‍ 40-ലധികം പേര്‍ കൊല്ലപ്പെട്ടതായി ഹമാസിന്റെ മാധ്യമ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു.

നേരത്തെ ക്രിസ്മസ് ദിനത്തിൽ ദാരുണമായ ആക്രമണത്തിനാണ് ഗാസ സാക്ഷിയായത്. ഗാസ മുനമ്പിന്റെ മധ്യഭാഗത്തുള്ള മഗാസി അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 70 പേര്‍ കൊല്ലപ്പെട്ടു. ഗാസ നേരിട്ട ഏറ്റവും വലിയ ആക്രമണത്തിനാണ് ക്രിസ്മസ് തലേന്ന് സാക്ഷ്യം വഹിച്ചതെന്ന് പലസ്തീന്‍ ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

മറുവശത്ത്, വടക്കന്‍ ഗാസയിലെ ഹമാസിന്റെ ഭൂഗര്‍ഭ തുരങ്ക ശൃംഖലയില്‍ നിന്ന് അഞ്ച് ഇസ്രായേലി ബന്ദികളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. കൂടാതെ തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസില്‍ ഇസ്രായേല്‍ നടത്തിയ പ്രത്യേക വ്യോമാക്രമണത്തില്‍ എട്ട് പേര്‍ കൂടി കൊല്ലപ്പെട്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.