ആറ്റുകാൽ പൊങ്കാല ഫെബ്രുവരി 25ന്; സുരക്ഷ ഒരുക്കാൻ 3000 പൊലീസ്

മുന്‍വര്‍ഷങ്ങളിലെന്ന പോലെ വിപുലമായ ഒരുക്കങ്ങളാണ് ഇത്തവണയും നടക്കുക. പൂര്‍ണമായും ഗ്രീന്‍പ്രോട്ടോകോള്‍ പാലിച്ചായിരിക്കും പൊങ്കാല മഹോത്സവം. ഈ ദിവസങ്ങളില്‍ കെ എസ് ആര്‍ ടി സി പ്രത്യേക സര്‍വീസുകള്‍ നടത്തും.

0
226

തിരുവനന്തപുരം: ഈ വര്‍ഷത്തെ ആറ്റുകാല്‍ പൊങ്കാല ഫെബ്രുവരി 25ന്. ക്രമസമാധാനം, ഗതാഗത നിയന്ത്രണം, ഭക്തജനങ്ങളുടെ ദര്‍ശനം എന്നിവയ്ക്കായി രണ്ട് ഘട്ട സുരക്ഷാ സംവിധാനമാണ് പൊലീസ്(Police) ഒരുക്കുന്നത്. ആദ്യഘട്ടത്തില്‍ ഫെബ്രുവരി 17 മുതല്‍ 23 വരെ, 600 പൊലീസുകാരെയും രണ്ടാംഘട്ടമായി ഫെബ്രുവരി 24 മുതല്‍ 26 വരെ 3000 പൊലീസുകാരെയും വിന്യസിക്കും. ഫെബ്രുവരി 17 മുതല്‍ 26 വരെയാണ് ആറ്റുകാല്‍ പൊങ്കാല മഹോത്സവം.

സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി മന്ത്രി വി ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ആറ്റുകാല്‍ ഭഗവതി ക്ഷേത്ര ട്രസ്റ്റ് ഹാളില്‍ അവലോകന യോഗം ചേര്‍ന്നു. തയാറെടുപ്പുകളും ക്രമീകരണങ്ങളും സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് മന്ത്രി നിര്‍ദേശം നല്‍കി.

മുന്‍വര്‍ഷങ്ങളിലെന്ന പോലെ വിപുലമായ ഒരുക്കങ്ങളാണ് ഇത്തവണയും നടക്കുക. പൂര്‍ണമായും ഗ്രീന്‍പ്രോട്ടോകോള്‍ പാലിച്ചായിരിക്കും പൊങ്കാല മഹോത്സവം. ഈ ദിവസങ്ങളില്‍ കെ എസ് ആര്‍ ടി സി പ്രത്യേക സര്‍വീസുകള്‍ നടത്തും. അഞ്ച് ആംബുലന്‍സുകളുള്‍പ്പെടെ അഗ്നിരക്ഷാസേനയുടെ പ്രത്യേക ടീം സേവനം ഉറപ്പാക്കും.

നൂറ്റമ്പതോളം ജീവനക്കാരും നൂറോളം സന്നദ്ധ പ്രവര്‍ത്തകരും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. ഉത്സവ ദിവസങ്ങളിലുള്ള മെഡിക്കല്‍ ടീമിന് പുറമേ പൊങ്കാല ദിവസം പത്തംഗ മെഡിക്കല്‍ ടീമും 108 ആബുലന്‍സുകളുടെ സേവനവും ആരോഗ്യവകുപ്പ് ക്ഷേത്രപരിസരത്ത് സജ്ജമാക്കുമെന്നും മന്ത്രി അറിയിച്ചു.

തട്ടുകടകള്‍ക്ക് ലൈസന്‍സും അന്നദാനം നല്‍കുന്നതിന് മുന്‍കൂര്‍ രജിസ്‌ട്രേഷനും നിര്‍ബന്ധമായിരിക്കും. അടുത്തയാഴ്ച മുതല്‍ കടകളില്‍ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധനകള്‍ ആരംഭിക്കും. ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കുന്നതിന് മൊബൈല്‍ ലാബ് സജ്ജമാക്കും. ലീഗല്‍ മെട്രോളജി സ്‌പെഷല്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ച് കടകളില്‍ പരിശോധനകള്‍ നടത്തും.

കുത്തിയോട്ട വ്രതം ആരംഭിക്കുന്ന ഫെബ്രുവരി 17 മുതല്‍, 24 മണിക്കൂറും ശിശുരോഗ വിദഗ്ധരുടെ സേവനം ക്ഷേത്രത്തില്‍ ഉറപ്പാക്കിയിട്ടുണ്ട്. ഉച്ചഭാഷിണിയുടെ ഉപയോഗം നിയന്ത്രിക്കുന്നതിനും ഇതുമായി ബന്ധപ്പെട്ട പരാതികള്‍ കൈകാര്യം ചെയ്യുന്നതിനുമായി മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മേല്‍നോട്ടത്തില്‍ സര്‍വൈലന്‍സ് ടീം പ്രവര്‍ത്തിക്കും.