കുടുംബ വഴക്ക്; അർധരാത്രിയിൽ ഭാര്യയുടെ ഫോണിലേക്ക് മേസേജ്, ഒടുവിൽ രണ്ട് മക്കളെയും കൊലപ്പെടുത്തി അച്ഛൻ ജീവനൊടുക്കി

താൻ ആത്മഹത്യ ചെയ്യുകയാണെന്നും, ലോകത്തോട് വിട പറയുകയാണെന്നും പ്രമോദ് തന്‍റെ മൂത്ത സഹോദരനും ഭാര്യ ലക്ഷ്മിക്കും വാട്ട്സ് ആപ്പിൽ മെസേജ് അയച്ചിരുന്നു

0
311

കൊല്ലം: കുടുംബ വഴക്കിനെ തുടർന്ന് രണ്ട് മക്കളെ കൊലപ്പെടുത്തിയ ശേഷം അച്ഛൻ ജീവനൊടുക്കി. കൊല്ലം പട്ടത്താനത്താണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ചെമ്പകശ്ശേരിയിൽ ജവഹർനഗറിൽ ജോസ് പ്രമോദ് ( 41 ) മകൻ ദേവനാരായണൻ (9) മകൾ ദേവനന്ദ (4) എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലെ സ്റ്റെയർകെയ്സിൽ കെട്ടിത്തൂക്കിയ നിലയിലായിരുന്നു കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. മക്കളെ കൊലപ്പെടുത്തിയ ശേഷം അച്ഛൻ ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഭാര്യയുമായി ഏറെ നാളായി അകന്നു കഴിയുകയായിരുന്നു പ്രമോദും കുട്ടികളും.

കുടുംബ പ്രശ്നത്തെ തുടർന്നാണ് പ്രമോദ് മക്കളെ കൊന്ന് ജീവനൊടുക്കിയതെന്നാണ് പൊലീസ് കരുതുന്നത്. ഒൻപതാം ക്ലാസ് മുതലുള്ള പ്രണയത്തിന് ശേഷമാണ് പ്രമോദ് ജോസും ലക്ഷ്മിയും വിവാഹം കഴിക്കുന്നത്. ഏറെ നാളായി ഇവർക്ക് വീടുമായി വലിയ അടുപ്പമുണ്ടായിരുന്നില്ല. പിജി പഠനത്തിന് തയ്യാറെടുക്കാനായി ഭാര്യയായ ഡോ. ലക്ഷ്മി തൊട്ടടുത്തുള്ള എസ്എൻ വി സദനത്തിലാണ് താമസം. ഓട്ടോ ഡ്രൈവറയാരുന്ന പ്രമോദ് പിന്നീട് ഗള്‍ഫിൽ ജോലി തേടി പോയിരുന്നു. എന്നാൽ എട്ട് വർഷത്തോളമായി പ്രമോദ് ജോലിക്കൊന്നും പോയിരുന്നില്ല.

സ്ഥിരം മദ്യപാനിയായിരുന്ന പ്രമോദും ഭാര്യയും തമ്മിൽ വഴക്കുകൾ പതിവായിരുന്നു. തുടർന്ന് പഠനത്തിനായി ലക്ഷ്മി മറ്റൊരിടത്തോക്ക് മാറിയതിന് പിന്നാലെ കുടുംബവുമായി ഏറെ അകൽച്ചയിലായിരുന്നുവെന്നുമാണ് പൊലീസിന് ലഭിക്കുന്ന വിവരം. ഇക്കാരണങ്ങളിലാകാം പ്രമോദ് മക്കളെ കൊന്ന് ആത്മഹത്യ ചെയ്തതെന്ന അനുമാനത്തിലാണ് പൊലീസുള്ളത്.

താൻ ആത്മഹത്യ ചെയ്യുകയാണെന്നും, ലോകത്തോട് വിട പറയുകയാണെന്നും പ്രമോദ് തന്‍റെ മൂത്ത സഹോദരനും ഭാര്യ ലക്ഷ്മിക്കും വാട്ട്സ് ആപ്പിൽ മെസേജ് അയച്ചിരുന്നു. അർദ്ധരാത്രി 1.55 ഓടെയാണ് മെസേജ് ലഭിച്ചത്. എന്നാൽ ഇരുവരും സന്ദേശം രാവിലെയാണ് കാണുന്നത്. മെസേജ് കണ്ട് ഭയന്ന ലക്ഷ്മി വിവരം തന്‍റെ അമ്മയെ വിളിച്ചറിയിച്ചു. ലക്ഷ്മിയുടെ അമ്മ സ്ഥലത്തെത്തി ബന്ധുക്കളെ വിളിച്ച് വീട്ടിലെത്തിയപ്പോൾ ഗേറ്റ് പൂട്ടികിടക്കുകയായിരുന്നു. ഗേറ്റ് ചാടിക്കടന്ന് വീട്ടിലെത്തിയപ്പോഴാണ് മൂന്ന് പേരുടെയും മരണം പുറത്തറിയുന്നത്. രണ്ട് കുട്ടികളെയും കൊലപ്പെടുത്തിയ ശേഷം പ്രമോദ് കിടപ്പുമുറിയിൽ തൂങ്ങി മരിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മാത്രമേ മരണത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമാകുകയുള്ളൂ എന്ന് പൊലീസ് വ്യക്തമാക്കുന്നു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)