രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ശങ്കരാചാര്യന്മാരും ബഹിഷ്‌ക്കരിക്കും; വിഗ്രഹ പ്രതിഷ്ഠ അംഗീകരിക്കില്ലെന്ന് സന്യാസി പ്രമുഖർ

ക്ഷേത്രനിർമാണം പൂർത്തീകരിക്കുംമുമ്പ്‌ തിരക്കിട്ട്‌ ഉദ്‌ഘാടനം ചെയ്യുന്നതിനും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിഷ്‌ഠാകർമം നിർവഹിക്കുന്നതിനും എതിരായ നിലപാടാണ് അവിമുക്തേശ്വരാനന്ദിനും പുരി ശങ്കരാചാര്യ സ്വാമി നിശ്ചലാനന്ദ സരസ്വതിയും സ്വീകരിച്ചത്.

0
165

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിൽ ഈ മാസം 22 ന് നടക്കുന്ന പ്രതിഷ്ഠാ ചടങ്ങ് രാജ്യത്തെ നാല്‌ ശങ്കരാചാര്യമാരും ബഹിഷ്‌കരിക്കും. ആചാരവിധികൾ ലംഘിച്ച്‌ വിഗ്രഹപ്രതിഷ്‌ഠ നടത്തുന്നത്‌ അംഗീകരിക്കാനാകില്ലെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ നിലപാട്‌. പുരി ഗോവർദ്ധൻപീഠ്‌, ജ്യോതിർപീഠ്‌, ശൃംഗേരി ശാരദാപീഠ്‌, ദ്വാരക ശാരദാപീഠ്‌ എന്നിവിടങ്ങളിലെ ശങ്കരാചാര്യമാരാണ്‌ ബഹിഷ്‌കരിക്കുന്നത്‌. ജ്യോതിർപീഠ്‌ ശങ്കരാചാര്യ സ്വാമി അവിമുക്തേശ്വരാനന്ദാണ്‌ ഇക്കാര്യം അറിയിച്ചത്‌.

വിഗ്രഹപ്രതിഷ്‌ഠ രാഷ്‌ട്രീയ പരിപാടിയാക്കുന്നതിനെ ന്യായീകരിച്ച രാമജന്മഭൂമി ക്ഷേത്രം ട്രസ്റ്റ്‌ ജനറൽ സെക്രട്ടറി ചമ്പത്‌ റായിയും ട്രസ്റ്റ്‌ അംഗങ്ങളും ഉടൻ രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ക്ഷേത്രം രാമാനന്ദ്‌ വിഭാഗത്തിന്റേതാണെന്ന്‌ ചമ്പത്‌ റായ്‌ അവകാശപ്പെട്ടത്‌ ചോദ്യം ചെയ്‌താണ്‌ നിലപാട്‌.

ക്ഷേത്രനിർമാണം പൂർത്തീകരിക്കുംമുമ്പ്‌ തിരക്കിട്ട്‌ ഉദ്‌ഘാടനം ചെയ്യുന്നതിനും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിഷ്‌ഠാകർമം നിർവഹിക്കുന്നതിനും എതിരായ നിലപാട്‌ സ്വീകരിച്ച അവിമുക്തേശ്വരാനന്ദിനും പുരി ശങ്കരാചാര്യ സ്വാമി നിശ്ചലാനന്ദ സരസ്വതിക്കും നൽകിയ മറുപടിയിലാണ്‌ ചമ്പത്‌ റായ്‌ കുടുങ്ങിയത്‌. രാമക്ഷേത്രമായതിനാൽ രാമാനന്ദ്‌ പാരമ്പര്യമാണ്‌ പിന്തുടരുന്നതെന്നും സന്ന്യാസിമാർക്കും ശൈവ – ശാക്ത വിഭാഗങ്ങൾക്കും ഇതിൽ കാര്യമില്ലെന്നുമാണ്‌ ചമ്പത്‌ റായി പ്രതികരിച്ചത്‌.

ക്ഷേത്രം പൂർണമായും കൈയടക്കാനുള്ള ആർഎസ്‌എസ്‌, വിഎച്ച്‌പി, ബിജെപി നീക്കത്തെ ശങ്കരാചാര്യമാർ എതിർത്തു. നേരത്തെ പ്രതിഷ്ഠാ ചടങ്ങിന് പങ്കെടുക്കില്ലെന്ന് പുരി ശങ്കരാചാര്യ സ്വാമി നിശ്ചലാനന്ദ സരസ്വതിയും വ്യക്തമാക്കിയിരുന്നു. വിഗ്രഹപ്രതിഷ്‌ഠ ആചാരവിധിപ്രകാരമല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി വിഗ്രഹപ്രതിഷ്‌ഠ നടത്തുന്നതുകണ്ട്‌ കൈയടിക്കാൻ താൻ പോകില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്യുന്നതിനെതിരെ ഋഷികേശിലെ സ്വാമി ദയാശങ്കർ ദാസും നേരത്തേ രംഗത്തുവന്നിരുന്നു.