യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് മാര്‍ച്ചിൽ കേസെടുത്ത് പൊലീസ് ; ഒന്നാം പ്രതി ഷാഫി പറമ്പില്‍ ,150 പ്രവര്‍ത്തകര്‍ക്കെതിരെയും കേസ്

കേസില്‍ ഷാഫി പറമ്പിലടക്കം അഞ്ചു പ്രതികളാണ് ഉള്ളത്. ഇതിൽ ഷാഫി പറമ്പിലാണ് ഒന്നാം പ്രതി.

0
127

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ കേസെടുത്ത് പൊലീസ്. കന്റോണ്‍മെന്റ് പൊലീസാണ് കേസ് എടുത്തിരിക്കുന്നത്. കേസില്‍ ഷാഫി പറമ്പിലടക്കം അഞ്ചു പ്രതികളാണ് ഉള്ളത്. ഇതിൽ ഷാഫി പറമ്പിലാണ് ഒന്നാം പ്രതി. കണ്ടാലറിയാവുന്ന 150 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

അതേസമയം, യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച് സംഘര്‍ഷഭരിതമായിരുന്നു. ഷാഫി പറമ്പിലാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്. പൊലീസിന്റെ ഒരു ആനുകൂല്യവും വേണ്ടെന്നും രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത സെക്രട്ടേറിയറ്റ് മാര്‍ച്ച് കേസില്‍ മൂന്നാം പ്രതിയായ തന്നെ ധൈര്യമുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യണമെന്ന് ഷാഫി പറമ്പില്‍ വെല്ലുവിളിച്ചു. പൊലീസ് രണ്ടു തവണ ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു.

അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ കെപിസിസി ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധം പ്രഖ്യാപിച്ചു . ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ വൈകുന്നേരമായിരിക്കും പ്രതിഷേധം നടക്കുക. സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും നടത്താനാണ് കെപിസിസി നിര്‍ദേശം. യൂത്ത് കോണ്‍ഗ്രസും പ്രാദേശിക തലത്തില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കും.