‘ആർ എസ് എസിന് നന്ദി’; പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുമെന്ന് ഹിമാചൽ മന്ത്രിയും കോൺഗ്രസ് നേതാവുമായ വിക്രമാദിത്യ സിംഗ്

ഹിമാചലിൽ ക്ഷണം ലഭിച്ച ചുരുക്കം ആളുകളിൽ ഒരാളാണ് താൻ. ക്ഷണിച്ചതിന് വിശ്വഹിന്ദു പരിഷത്തിനും ആർ എസ് എസിനും നന്ദി. ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന അപൂർവ അവസരങ്ങളിൽ ഒന്നാണിതെന്നും അദ്ദേഹം....

0
143

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുമെന്ന് ഹിമാചൽ പ്രദേശിലെ കോൺഗ്രസ് മന്ത്രി വിക്രമാദിത്യ സിംഗ്. ഹിമാചൽ പ്രദേശിലെ മുൻ മുഖ്യമന്ത്രി വീർഭദ്ര സിംഗിൻ്റെ മകനാണ് വിക്രമാദിത്യ സിംഗ്. സംസ്ഥാനത്തെ പൊതുവികാരത്തെ ഉൾക്കൊള്ളുന്നതാണ് മന്ത്രിയുടെ വാക്കുകൾ. എന്നാൽ ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിന് ഇത് തിരിച്ചടിയാകുകയാണ്.

അച്ഛൻ ഒരു രാമ ഭക്തനായിരുന്നു. പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുക എന്നത് അദ്ദേഹത്തിൻ്റെ മകനെന്ന നിലയിൽ എൻ്റെ കടമയാണ്. ഹിമാചലിൽ ക്ഷണം ലഭിച്ച ചുരുക്കം ആളുകളിൽ ഒരാളാണ് താൻ. ക്ഷണിച്ചതിന് വിശ്വഹിന്ദു പരിഷത്തിനും ആർ എസ് എസിനും നന്ദി. ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന അപൂർവ അവസരങ്ങളിൽ ഒന്നാണിത്. പിതാവ് വീർഭദ്ര സിംഗ് ക്ഷേത്ര പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നുവെന്ന് വിക്രമാദിത്യ സിംഗ് പറഞ്ഞു.

ക്ഷണം കിട്ടിയില്ലെങ്കിലും അയോധ്യക്ക് പോകുമെന്ന് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ് വിന്ദർസിംഗ് സുഖു പറഞ്ഞിരുന്നു. ഹിന്ദു ഭൂരിപക്ഷ സംസ്ഥാനമായ ഹിമാചലിൽ രാമക്ഷേത്രത്തിന് അനുകൂലമായ വലിയ വികാരമുണ്ട്. രാമക്ഷേത്രത്തിന് ഒരിക്കലും എതിരല്ലെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും പ്രതികരിച്ചിരുന്നു. കോൺഗ്രസ് ഉദ്ഘാടനവത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് വിക്രമാദിത്യ എത്തുമെന്ന് അറിയിച്ചത്.