ഡൽഹി എൻസിആറിൽ ഭൂചലനം; പരിഭ്രാന്തിയിൽ ജനം

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ പിർ പഞ്ചലിന്റെ തെക്ക് മേഖലയിലാണ് പ്രധാനമായും ഭൂചലനം അനുഭവപ്പെട്ടത്. ഉച്ചയ്ക്ക് 2.50ന് ആണ് സംഭവം. ഏറെ നേരം നീണ്ടുനിന്ന ഭൂചലനത്തെ തുടർന്ന് പരിഭ്രാന്തരായ ആളുകൾ വീടുകളിൽ നിന്നും ഓഫീസുകളിൽ നിന്നും പുറത്തിറങ്ങി.

0
175

ന്യൂഡൽഹി: വടക്കേ ഇന്ത്യയിൽ വിവിധയിടങ്ങളിൽ ആശങ്ക പരത്തി ഭൂചലനം. ഡൽഹി-എൻസിആർ, ചണ്ഡീഗഡ്, പഞ്ചാബ്, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. അഫ്ഗാനിസ്ഥാനിലെ ഫൈസാബാദിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഹിന്ദുകുഷ് മേഖലയിൽ റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തി. ഇതിന്റെ പ്രകമ്പനമാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ അനുഭവപ്പെട്ടത്.

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ പിർ പഞ്ചലിന്റെ തെക്ക് മേഖലയിലാണ് പ്രധാനമായും ഭൂചലനം അനുഭവപ്പെട്ടത്. ഉച്ചയ്ക്ക് 2.50ന് ആണ് സംഭവം. ഏറെ നേരം നീണ്ടുനിന്ന ഭൂചലനത്തെ തുടർന്ന് പരിഭ്രാന്തരായ ആളുകൾ വീടുകളിൽ നിന്നും ഓഫീസുകളിൽ നിന്നും പുറത്തിറങ്ങി. നിലവിൽ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്ത്യയ്ക്കൊപ്പം അയൽരാജ്യമായ പാകിസ്ഥാനിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. വീടുകളിൽ നിന്നും ഓഫീസുകളിൽ നിന്നും ആളുകൾ പുറത്തേക്ക് ഓടുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ഈ വര്‍ഷം ആദ്യം അഫ്ഗാനിസ്ഥാനില്‍ തുടര്‍ച്ചയായ രണ്ട് ഭൂചലനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 30 മിനിറ്റിനുള്ളിലാണ് ആശങ്ക പരത്തിയ ഈ രണ്ട് ഭൂചലനങ്ങളും അനുഭവപ്പെട്ടത്. ഫൈസാബാദില്‍ നിന്ന് 100 കിലോമീറ്റര്‍ കിഴക്കായി പുലര്‍ച്ചെ 12:28 ന് ആദ്യ ഭൂചലനം രേഖപ്പെടുത്തി. പിന്നാലെ ഫൈസാബാദില്‍ നിന്ന് 126 കിലോമീറ്റര്‍ കിഴക്കായി പുലര്‍ച്ചെ 12.55് വീണ്ടും ഭൂചലനം അനുഭവപ്പെട്ടു.

ആദ്യത്തേത് റിക്ടര്‍ സ്‌കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തിയെന്നും രണ്ടാമത്തെ ഭൂചലനം 4.8 തീവ്രത രേഖപ്പെടുത്തിയെന്നും നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. എന്നാല്‍ ആളപായമോ വസ്തുവകകള്‍ക്ക് നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

2023 ഡിസംബര്‍ 12 ന് റിക്ടര്‍ സ്‌കെയിലില്‍ 5.2 രേഖപ്പെടുത്തിയ ഭൂകമ്പം അഫ്ഗാനിസ്ഥാനില്‍ അനുഭവപ്പെട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍, പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ നിരവധി ആളുകള്‍ കൊല്ലപ്പെട്ടിരുന്നു. 6.3 തീവ്രത രേഖപ്പെടുത്തിയ ഈ ഭൂചലനത്തില്‍ രണ്ടായിരത്തോളം പേരാണ് മരിച്ചത്.