തിരുവനന്തപുരം: സംസ്ഥാനത്തിൻ്റെ ടൂറിസം പദ്ധതികളിൽ ജന പങ്കാളിത്തം ഉറപ്പാക്കാൻ തയ്യാറെടുത്ത് സർക്കാർ. ടൂറിസം പദ്ധതികൾ നടപ്പാക്കാൻ താൽപ്പര്യമുള്ളവർക്ക് എല്ലാ പിന്തുണയും ഉറപ്പാക്കുമെന്നാണ് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറയുന്നത്. ഇക്കഴിഞ്ഞ നവംബറില്‍ നടന്ന ടൂറിസം ഇന്‍വെസ്റ്റേഴ്സ് മീറ്റില്‍ സമര്‍പ്പിക്കപ്പെട്ട പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതി നടത്തിപ്പിനായുള്ള ഫെസിലിറ്റേഷന്‍ സെന്‍റര്‍ ടൂറിസം വകുപ്പ് കാര്യാലയത്തില്‍ ജനുവരി 25 നകം പ്രവര്‍ത്തനമാരംഭിക്കാനും ഇതിന്‍റെ സേവനങ്ങള്‍ക്കായി ഫെബ്രുവരി 10 ന് മുമ്പ് പോര്‍ട്ടല്‍ ആരംഭിക്കാനും മന്ത്രി നിര്‍ദേശം നല്‍കി.
നിക്ഷേപകര്‍ക്ക് ബന്ധപ്പെടാനും പദ്ധതികളുടെ നടത്തിപ്പുമായും ബന്ധപ്പെട്ട് നോഡല്‍ ഓഫീസറെ നിയമിക്കണമെന്നും എളുപ്പത്തില്‍ നടപ്പാക്കാന്‍ സാധിക്കുന്ന പദ്ധതികള്‍ ആദ്യം കണ്ടെത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു. നിക്ഷേപക സംഗമത്തില്‍ പങ്കെടുത്തവരില്‍ നിന്നും പുതിയ പദ്ധതികളില്‍ നിക്ഷേപം നടത്തുന്നതിനായി 19 നിക്ഷേപകരുടെ ചുരുക്കപ്പട്ടിക വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. പദ്ധതികളുടെ പുരോഗതി വിലയിരുത്താനും തടസ്സങ്ങള്‍ പരിഹരിക്കാനുമായി ടൂറിസം സെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രൊജക്ട് മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കും. പദ്ധതി നിര്‍വഹണത്തിനും സാങ്കേതിക, പഠന ആവശ്യങ്ങള്‍ക്കുമായുള്ള കണ്‍സള്‍ട്ടന്‍സിയെ നിയമിക്കാനും പ്രൊജക്ട് മാനേജ്മെന്‍റ് സെന്‍റര്‍, പ്രൊജക്ട് എക്സിക്യൂഷന്‍ ടീം എന്നിവ രൂപീകരിക്കാനും യോഗത്തില്‍ തീരുമാനമായി. പദ്ധതികളുടെ അവലോകന യോഗം വകുപ്പ് തലത്തില്‍ രണ്ടാഴ്ചയിലും സര്‍ക്കാര്‍ തലത്തില്‍ മാസത്തിലൊരിക്കലും ചേരും.
ടിഐഎമ്മിലെ പദ്ധതികളെ സ്വകാര്യ സ്ഥലങ്ങളിലുള്ള നിക്ഷേപം, സര്‍ക്കാര്‍ ഭൂമിയിലുള്ള നിക്ഷേപം എന്നിങ്ങനെ തരംതിരിച്ച് നിശ്ചയിക്കണമെന്ന് ടൂറിസം സെക്രട്ടറി ബിജു കെ പറഞ്ഞു. സ്വന്തം സ്ഥലത്ത് ടൂറിസം പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന സംരംഭകര്‍ക്ക് പദ്ധതി നിര്‍വ്വഹണത്തിന് ആവശ്യമായ നിര്‍ദേശങ്ങളും പിന്തുണയും വകുപ്പ് നല്‍കും. സര്‍ക്കാര്‍ ഭൂമിയില്‍ നിക്ഷേപത്തിന് താത്പര്യമുള്ള സംരംഭകരുടെ പട്ടിക സമാഹരിച്ച് ചട്ടപ്രകാരം സ്ഥലം അനുവദിക്കാനുള്ള നടപടി സ്വീകരിക്കുകയോ സാധ്യതാ വിലയിരുത്തലിന് ശേഷം പൊതുതാത്പര്യമുള്ള പദ്ധതികള്‍ നടപ്പിലാക്കുകയോ ചെയ്യും. ഒരു സ്ഥലത്ത് ഒന്നില്‍ കൂടുതല്‍ സംരംഭകര്‍ നിക്ഷേപം നടത്തുകയാണെങ്കില്‍ പൊതുവായ ഒരു ആര്‍എഫ് പി മോഡല്‍ കൊണ്ടുവന്ന ശേഷം പദ്ധതികള്‍ ആരംഭിക്കുമെന്നും സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.
വ്യവസായ വകുപ്പിന്‍റെ ഏകജാലക സംവിധാനം ടിഐഎം പദ്ധതികളുടെ നടത്തിപ്പില്‍ പ്രയോജനപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് വ്യവസായ വകുപ്പുമായി യോഗം വിളിക്കും. ടിഐഎമ്മിന്‍റെ ആക്ഷന്‍ പ്ലാന്‍ ടൂറിസം വകുപ്പ് തയ്യാറാക്കുകയും തുടര്‍പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട അടുത്ത യോഗം ഫെബ്രുവരിയില്‍ ചേരുകയും ചെയ്യും. പദ്ധതികള്‍ ഓരോ മാസവും പരിശോധിക്കുകയും ആവശ്യമായ ക്ലിയറന്‍സ് ഫെസിലിറ്റേഷന്‍ സെന്‍റര്‍ ഉറപ്പാക്കുകയും ചെയ്യും. ടിഐഎം ഫെസിലിറ്റേഷന്‍ സെന്‍ററിന്‍റെ കണ്‍വീനറായി ടൂറിസം അഡീഷണല്‍ ഡയറക്ടര്‍ (ജനറല്‍), കോ-കണ്‍വീനറായി കെടിഐഎല്‍ ചെയര്‍മാന്‍ എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.