ആകാംക്ഷ ഇരട്ടിയാക്കി ‘ആടുജീവിതം’, രൂപ ഭാവ മാറ്റങ്ങളോടെ പൃഥ്വിരാജ് ; ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

നജീബിന്‍റെ രൂപഭാവങ്ങളില്‍ നില്‍ക്കുന്ന പൃഥ്വിരാജ് മാത്രമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍.

0
311

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജ് നായകനാകുന്ന ‘ആടുജീവിതം’. ഇപ്പോഴിതാ
ആടുജീവിതത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് പാൻ ഇന്ത്യൻ സൂപ്പർ താരം പ്രഭാസ്. പൃഥ്വിരാജിന്റെ അതി ഗംഭീര മേക്കോവറുമായി പുറത്തുവന്ന പോസ്റ്റർ ഇതിനോടകം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. ബ്ലെസിയുടെ സംവിധാനത്തില്‍ പൃഥ്വിരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘ആടുജീവിതം’. സൗദി അറേബ്യയിലെ ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പൃഥ്വി അവതരിപ്പിക്കുന്നത്.

നജീബിന്‍റെ രൂപഭാവങ്ങളില്‍ നില്‍ക്കുന്ന പൃഥ്വിരാജ് മാത്രമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍. മണലാരണ്യത്തില്‍ ജീവിതം തളയ്ക്കപ്പെട്ടുപോയ കഥാപാത്രത്തിന്‍റെ ദൈന്യതയുടെ ആവിഷ്കാരമാണ് ബ്ലെസിലും പൃഥ്വിയും ചേര്‍ന്ന് നടത്തിയിട്ടുള്ളത്. ഏപ്രിൽ 10ന് ആണ് ആടുജീവിതം തിയറ്ററുകളിൽ എത്തുന്നത്. എല്ലാ ശ്വാസവും ഒരു യുദ്ധമാണ് എന്നാണ് ചിത്രത്തിന്റെ ടാഗ്‌ലൈൻ. മലയാളം ഉൾപ്പടെ അഞ്ച് ഭാഷകളിലാണ് ചിത്രം തിയറ്ററുകളിൽ എത്തുക.പൃഥ്വിരാജ് പ്രൊഡക്‌ഷൻസ് ആണ് ‘ആടുജീവിതം’ വിതരണത്തിനെത്തിക്കുന്നത്.

പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം. നേരത്തെ ചിത്രത്തിൻറെ ട്രെയിലർ എന്ന പേരിൽ 3 മിനിറ്റ് ദൈർഘ്യമുള്ള ഒരു വീഡിയോ കഴിഞ്ഞ വർഷം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. മലയാള സിനിമ ഇന്നേവരെ കാണാത്ത ദൃശ്യവിസ്മയമാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത് എന്ന് തെളിയിക്കുന്ന ആ വീഡിയോ ട്രെയ്‌ലർ അല്ലെന്നും വേൾഡ്‌വൈഡ് റിലീസിന് മുന്നോടിയായി ഇന്റലർനാഷണൽ ഏജൻറുമാർക്ക് അയച്ചുകൊടുത്ത ദൃശ്യങ്ങൾ ചോർന്നതാണെന്നും സംവിധായകൻ ബ്ലെസി പിന്നീട് അറിയിച്ചിരുന്നു.

മലയാളത്തിൽ എറ്റവും കൂടുതൽ പതിപ്പുകൾ ഇറങ്ങിയ നോവൽകൂടിയാണ് ആടുജീവിതം. ചിത്രം ഇന്നത്തെ തലമുറയ്ക്ക് കൂടി വേണ്ടിയാണ് ഒരുക്കുന്നതെന്ന് സംവിധായകൻ ബ്ലെസി പറഞ്ഞു. എ ആര്‍ റഹ്‍മാന്‍ സംഗീതം പകരുന്ന ചിത്രത്തിന്‍റെ സൗണ്ട് ഡിസൈന്‍ റസൂല്‍ പൂക്കുട്ടിയും എ‍ഡിറ്റിംഗ് ശ്രീകര്‍ പ്രസാദുമാണ്. സുനില്‍ കെ എസ് ആണ് ഛായാഗ്രഹണം.