11 ജില്ലകളിൽ ഇന്ന് മഴയ്ക്ക് സാധ്യത: ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്ന് മുന്നറിയിപ്പ്

വരുന്ന രണ്ടുദിവസം കൂടി മിതമായതോ ഇടത്തരമോ ആയ മഴയ്ക്കാണ് സാധ്യത. കേരള തീരത്ത് ഇന്ന് രാത്രിവരെ 1.0 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്.

0
192

തിരുവനന്തപുരം: ചക്രവാതച്ചുഴികളുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നും മഴ തുടർന്നേക്കും. 11 ജില്ലകളിലാണ് ഇന്ന് മഴയ്ക്ക് സാധ്യതയുള്ളത്. ഏറ്റവും ഒടുവിലത്തെ അറിയിപ്പ് പ്രകാരം ഇന്ന് എവിടെയും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടില്ല. ഭൂമധ്യരേഖയ്ക്ക് സമീപമുള്ള കിഴക്കൻ ഇന്ത്യൻ മഹാസമുദ്രത്തിലാണ് ചക്രവാതച്ചുഴി നിലനിൽക്കുന്നത്.

തെക്കുകിഴക്കൻ അറബികടൽ – മധ്യ കിഴക്കൻ അറബിക്കടൽ എന്നിവയ്ക്ക് മുകളിലായി മറ്റൊരു ചക്രവാതച്ചുഴിയുമുണ്ട്. ഇതിന്‍റെ സ്വാധീനത്തിലാണ് കേരളത്തിൽ നിലവിൽ മഴ ലഭിക്കുന്നത്. വരുന്ന രണ്ടുദിവസം കൂടി മിതമായതോ ഇടത്തരമോ ആയ മഴയ്ക്കാണ് സാധ്യത. കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്നലെ രാത്രി ഇടിമിന്നലോട് കൂടിയ മഴ ലഭിച്ചിരുന്നു.

കോഴിക്കോട് ജില്ലയിൽ കഴിഞ്ഞ രണ്ട് ദിവസമായി ശക്തമായ മഴയാണ് ലഭിച്ചത്. മുക്കം, തിരുവമ്പാടി, കുറ്റ്യാടി തുടങ്ങിയ മലയോര മേഖലകളിലായിരുന്നു മഴ. കാറ്റിലും മഴയിലും വ്യാപക നാശനഷ്ടവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഇന്ന് കന്യാകുമാരി തീരം അതിനോടു ചേർന്നുള്ള മാലിദ്വീപ് പ്രദേശം, ശ്രീലങ്കൻ തീരത്തോട് ചേർന്ന തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തമിഴ് നാട് തീരം, ഗൾഫ് ഓഫ് മന്നാർ, കന്യാകുമാരി തീരം എന്നിവിടങ്ങളിൽ 40 മുതൽ 45 കി.മീ വരെയും ചിലപ്പോൾ 55 കി.മീ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

നാളെയും മറ്റന്നാളും ഈ തീരങ്ങളിൽ സമാനമായ മുന്നറിയിപ്പുണ്ട്. കേരള തീരത്ത് ഇന്ന് രാത്രിവരെ 1.0 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണം.