തൃശൂര്‍: കുതിരാന്‍ ഒന്നാംതുരങ്കത്തില്‍ ഗ്യാന്‍ട്രി കോണ്‍ക്രീറ്റിങ് ആരംഭിക്കുന്നതിന്റെ ഭാഗമായി ഒന്നാം തുരങ്കം അടച്ചു. ഇതോടെ പ്രദേശത്ത് വീണ്ടും ഗതാഗതനിയന്ത്രണം ആരംഭിച്ചു. പാലക്കാട് നിന്നും തൃശൂര്‍ ഭാഗത്തേക്ക് പോകുന്ന തുരങ്കമാണ് അടച്ചത്. പാലക്കാട് ഭാഗത്തേക്കുള്ള തുരങ്കത്തിലൂടെ മാത്രമാകും ഇനി ഇരുഭാഗത്തേക്കുമുള്ള വാഹനങ്ങള്‍ കടന്നു പോകുന്നത്.
തുരങ്കത്തിന്റെ പടിഞ്ഞാറ് വശത്ത് വില്ലന്‍ വളവിലുള്ള യു ടേണ്‍ വഴിയാണ് തൃശൂര്‍ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ രണ്ടാംതുരങ്കത്തിലേക്ക് പ്രവേശിക്കുക. കിഴക്ക് വശത്തെത്തുന്ന വാഹനങ്ങള്‍ തുരങ്കം കഴിയുന്നതോടെ തൃശൂര്‍ ഭാഗത്തേക്കുള്ള റോഡിലേക്ക് പ്രവേശിക്കും. 490 മീറ്റര്‍ ദൂരമുള്ള ഗ്യാന്‍ട്രി കോണ്‍ക്രീറ്റിംഗ് നാല് മാസം കൊണ്ട് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്.
അതുവരെ ഇവിടെയുള്ള ഗതാഗത നിയന്ത്രണം തുടരും. ഒന്നാം തുരങ്കത്തിന്റെ ഗ്യാന്‍ട്രി കോണ്‍ക്രീറ്റിംഗ് പൂര്‍ത്തിയാക്കാതെ ആയിരുന്നു തുരങ്കം ഗതാഗതത്തിന് തുറന്നു കൊടുത്തിരുന്നത്. തുരങ്കത്തിന്റെ സുരക്ഷയെ കുറിച്ച് ആശങ്കയും നിലനിന്നിരുന്നു. ദേശീയപാതയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പലതും പൂര്‍ത്തിയാക്കാതെയാണ് ടോള്‍പിരിവ് ആരംഭിച്ചത്. ഇത് വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. തുടര്‍ന്നാണ് ദേശീയപാത അതോറിറ്റിയുടെ നിര്‍ദ്ദേശപ്രകാരം തുരങ്കത്തില്‍ കരാര്‍ കമ്പനി ഗ്യാന്‍ട്രി കോണ്‍ക്രീറ്റിംഗ് നടത്തുന്നത്.