പനാജി: നാല് വയസുകാരനായ മകനെ കൊലപ്പെടുത്തിയ ശേഷം ബാഗിലാക്കി യാത്ര ചെയ്ത സംഭവത്തിൽ അമ്മയെ വിശദമായി ചോദ്യം ചെയ്ത് പോലീസ്. സംഭവത്തിൽ ബംഗളുരുവിലെ ഒരു സ്റ്റാര്‍ട്ടപ്പ് കമ്പനിയുടെ സിഇഒ കൂടിയായ 39 വയസുകാരി സുചാന സേഥാണ് അറസ്റ്റിലായത്. ഭര്‍ത്താവുമായുള്ള സുചനയുടെ വിവാഹ മോചന നടപടികള്‍ അന്തിമ ഘട്ടത്തിലാണെന്ന് നോർത്ത് ഗോവ എസ്പി നിധിൻ വൽസൻ പറഞ്ഞു.വിവാഹമോചനവും ഭര്‍ത്താവുമായി വേര്‍പിരിയുന്നതുമാണ് അതിദാരുണമായ കൊലപാതകത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍, ഇക്കാര്യങ്ങളൊന്നും പോലീസ് സ്ഥിരീകരിച്ചിട്ടില്ല.
മകനെ ആഴ്ചയിലൊരിക്കല്‍ കാണാന്‍ കോടതി സുചനയുടെ ഭര്‍ത്താവിനെ അനുവദിച്ചിരുന്നു. ഇതില്‍ സുചന അസ്വസ്ഥയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കൊലപാതകത്തിന് മറ്റെന്തെങ്കിലും കാരണമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. യുവതിയുടെ ഭര്‍ത്താവ് മലയാളിയാണെന്നാണ് നോർത്ത് ഗോവ എസ്പിയെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്. ഹോട്ടലിലെ സുരക്ഷാ ക്യാമറകൾ പരിശോധിച്ചു വരികയാണ്. ഫോറൻസിക് സംഘം തെളിവുകൾ ശേഖരിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
ശനിയാഴ്ചയാണ് നോര്‍ത്ത് ഗോവയിലെ ഒരു ഹോട്ടലില്‍ യുവതി മുറിയെടുത്തത്. ബംഗളുരുവിലെ വിലാസമാണ് ഹോട്ടലില്‍ നല്‍കിയത്. തിങ്കളാഴ്ച രാവിലെ ഹോട്ടലില്‍ നിന്ന് ചെക്ക് ഔട്ട് ചെയ്യാന്‍ നേരം ബംഗളുരുവിലേക്ക് ടാക്സി വേണമെന്ന് ഇവർ ഹോട്ടല്‍ ജീവനക്കാരോട് ആവശ്യപ്പെട്ടു. എന്നാല്‍ വിമാനത്തില്‍ പോവുന്നതായിരിക്കും ചെലവ് കുറവും സൗകര്യവുമെന്ന് ജീവനക്കാര്‍ അറിയിച്ചിട്ടും ടാക്സി തന്നെ വേണമെന്ന് നിര്‍ബന്ധം പിടിച്ചപ്പോള്‍ ഹോട്ടല്‍ ജീവനക്കാര്‍ വാഹനം ഏര്‍പ്പാടാക്കി നല്‍കി. യുവതി പോയ ശേഷം 11 മണിയോടെ മുറി വൃത്തിയാക്കുകയായിരുന്ന ഹൗസ് കീപ്പിങ് ജീവനക്കാരാണ് മുറിയില്‍ രക്തക്കറ കണ്ടത്. ഉടന്‍ ഹോട്ടല്‍ അധികൃതര്‍ പൊലീസിനെ വിവരമറിയിച്ചു.
പൊലീസ് സ്ഥലത്തെത്തി സിസിടിവി പരിശോധിച്ചപ്പോൾ ഹോട്ടലില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ യുവതിക്കൊപ്പം മകനില്ലെന്ന് വ്യക്തമായി. ഇതോടെ പൊലീസുകാര്‍ ടാക്സി ഡ്രൈവറെ ഫോണില്‍ വിളിച്ചു. മകന്‍ എവിടെയെന്ന് യുവതിയോട് അന്വേഷിച്ചു. മകനെ ഗോവയില്‍ തന്നെയുള്ള ഒരു സുഹൃത്തിന്റെ അടുത്താക്കിയെന്ന് യുവതി അറിയിക്കുകയായിരുന്നു. സുഹൃത്തിന്റെ വിലാസം ചോദിച്ചപ്പോള്‍ അതും നല്‍കി. എന്നാല്‍ പൊലീസ് അന്വേഷണത്തില്‍ ഈ വിലാസം വ്യാജമാണെന്ന് കണ്ടെത്തി.
പോലീസ് വീണ്ടും ടാക്സി ഡ്രൈവറെ ബന്ധപ്പെട്ട് വണ്ടി എത്രയും പെട്ടെന്ന് അടുത്തുള്ള പൊലീസ് സ്റ്റേഷനിലേയ്ക്ക് എത്തിക്കാൻ നിർദ്ദേശം നൽകി. യുവതിയ്ക്ക് സംശയം തോന്നാതെ തന്നെ അയാൾ വിദഗ്ധമായി തന്നെ യുവതിയെ പൊലീസിൽ ഏൽപ്പിച്ചു. തുടർന്നുള്ള പരിശോധനയിലാണ് ബാഗിൽ നിന്ന് കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തിയത്.